രാവിലെ ചായയോ കോഫിയോ കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഒരു ഗ്ലാസ് ചൂടു കോഫി കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ പോയി എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. ജോലിത്തിരക്കുകൾക്കിടയിലും മറ്റും ഉണർവിനായി ഒരു കാപ്പി കുടിക്കാത്തവരും കുറവായിരിക്കും. കഴിക്കേണ്ട അളവിലും പാകത്തിലും കുടിച്ചാൽ കാപ്പി ആരോഗ്യത്തിന് നല്ലൊരു പാനീയമാണ്. അത് ദിവസത്തിന് ഊർജ്ജവും ഉന്മേഷവും നൽകുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കാപ്പി ശരിയായ രീതിയിൽ കുടിച്ചാൽ ഹൃദയാരോഗ്യത്തെയും ശരീരഭാരത്തെയും നല്ല രീതിയിൽ ബാധിക്കും. എന്നാൽ കാപ്പിയുടെ ഗുണങ്ങൾ പൂർണ്ണമായി ലഭിക്കണമെങ്കിൽ കുടിക്കുന്ന അളവും അതിൽ ചേർക്കുന്ന ചേരുവകളും പ്രധാനമാണ്.
എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ പരിശീലനം നേടിയ ഗാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. സൌരഭ് സേഥി, കാപ്പിയെ കൂടുതൽ ഗുണകരമാക്കാൻ ചേർക്കാവുന്ന മൂന്ന് ചേരുവകളെക്കുറിച്ച് വിശദീകരിക്കുന്നു
കറുവപ്പട്ട: കാപ്പിയിൽ ചെറിയ അളവിൽ കറുവപ്പട്ട ചേർത്താൽ രുചി വർധിക്കും, കൂടാതെ ഉപാപചയ പ്രവർത്തനം (metabolism) ഉത്തേജിപ്പിക്കും. രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും കുറയ്ക്കാനും ഇത് സഹായിക്കുന്നു. ശക്തമായ ആന്റി-ഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
എം സി ടി ഓയിൽ: തേങ്ങയിൽ നിന്നുള്ള മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ് (MCT) ഓയിൽ ശരീരത്തിന് കൂടുതൽ ഊർജ്ജം നൽകും. കാപ്പിയിൽ ചേർത്ത് കുടിച്ചാൽ ഭാരം കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ് പൗഡർ: ഫ്ലാവനോയിഡുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കാപ്പിയുടെ രുചിയും ഗുണവും ഇരട്ടിയാക്കും. ഹൃദയാരോഗ്യത്തിനും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും ഇത് സഹായകമാണ്.
ശ്രദ്ധിക്കുക!
കാപ്പിയുടെ ഗുണങ്ങൾ ആസ്വദിക്കാൻ മിതത്വം അനിവാര്യമാണ്. അമിതമായി കുടിക്കുന്നത് വിറയൽ, ഉറക്കമില്ലായ്മ, ഉത്കണ്ഠ, ഹൃദയമിടിപ്പ് വർധിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാം.
പഞ്ചസാരയുടെ അളവ് കുറയ്ക്കുക
പ്രധാനമായും രാവിലെ കാപ്പി കുടിക്കുക
ദിനം മുഴുവൻ മതിയായ വെള്ളം കുടിക്കുക
ആരോഗ്യപ്രശ്നങ്ങളുള്ളവർ, ഈ രീതികൾ പരീക്ഷിക്കുന്നതിന് മുൻപ് ഡോക്ടറുടെ അഭിപ്രായം തേടുക.
















