എത്ര നന്നായി ഉരച്ച് കഴുകിയാലും ചിലപ്പോൾ വസ്ത്രങ്ങളിലെ ദുർഗന്ധം മാറുന്നുണ്ടാവില്ല. വേണ്ട രീതിയിൽ ഉണക്കി സൂക്ഷിക്കാതെ വരുമ്പോഴാണ് പലപ്പോഴും വസ്ത്രങ്ങളിൽ ദുർഗന്ധം ഉണ്ടാകാറുള്ളത്. തുണികളിലെ ബാക്ടീരിയകൾ വികസിക്കുന്നതാണ് ഇത്തരത്തിൽ ദുർഗന്ധമുണ്ടാകാനിടയാക്കുന്നത്. വൃത്തിയായി കഴുകി എന്നതു കൊണ്ട് മാത്രം വസ്ത്രത്തിൽ സുഗന്ധമുണ്ടാകണം എന്നില്ല, അതിന് ചില വിദ്യകൾ കൂടി പരീക്ഷിക്കണം അവ എന്തെല്ലാമാണെന്ന് നോക്കിയാലോ?
തുണികൾ ശരിയായ രീതിയിൽ ഉണക്കുക
വസ്ത്രങ്ങളിൽ ദുർഗന്ധം ഉണ്ടാകാനുള്ള പ്രധാന കാരണം ഈർപ്പമാണ്. തുണികൾ കഴുകിയ ഉടൻ തന്നെ നന്നായി കുടഞ്ഞ്, വെയിലിലോ നല്ല കാറ്റുള്ള സ്ഥലത്തോ ഇടുക. ഒന്നിനു മീതെ ഒന്നായി ഇടാതെ അകലം പാലിച്ച് ഇടുന്നത് ഈർപ്പം വേഗത്തിൽ പോകാൻ സഹായിക്കും.
ബേക്കിംഗ് സോഡ
അലക്കുമ്പോൾ അൽപം ബേക്കിംഗ് സോഡ കൂടി ചേർക്കുന്നത് ദുർഗന്ധം വലിച്ചെടുക്കാൻ സഹായിക്കും. ദുർഗന്ധമുള്ള വസ്ത്രങ്ങൾ കഴുകുന്നതിന് മുൻപ് ബേക്കിംഗ് സോഡ കലർത്തിയ വെള്ളത്തിൽ കുറച്ചുനേരം മുക്കിവെക്കുന്നതും നല്ലതാണ്.
വിനാഗിരി ചേർത്ത് കഴുകുക
കഴുകുന്ന വെള്ളത്തിൽ അൽപം വിനാഗിരി ചേർക്കുന്നത് വസ്ത്രങ്ങളിലെ ഫംഗസ്, ബാക്ടീരിയ എന്നിവയെ നീക്കം ചെയ്യാൻ സഹായിക്കും, ഇത് ദുർഗന്ധം ഇല്ലാതാക്കും. വിനാഗിരിയുടെ മണം വസ്ത്രങ്ങൾ ഉണങ്ങുമ്പോൾ പൂർണ്ണമായി പോയിരിക്കും.
എസൻഷ്യൽ ഓയിലുകൾ
അവസാനം അലക്കുന്ന വെള്ളത്തിൽ രണ്ടോ മൂന്നോ തുള്ളി നിങ്ങളുടെ ഇഷ്ടപ്പെട്ട എസൻഷ്യൽ ഓയിൽ (ലാവെൻഡർ, നാരങ്ങ പോലുള്ളവ) ചേർക്കുക. അല്ലെങ്കിൽ, ഉണങ്ങിയ ശേഷം വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരയിൽ ഒരു പഞ്ഞിയിൽ ഈ എണ്ണ പുരട്ടി വെയ്ക്കാം.
അലമാരയിൽ സുഗന്ധ വസ്തുക്കൾ വെയ്ക്കാം
വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരയിൽ ഉണങ്ങിയ പൂവിതളുകൾ, ചെറിയ സോപ്പ് കഷണങ്ങൾ അല്ലെങ്കിൽ കറുവപ്പട്ടയുടെ കഷണങ്ങൾ എന്നിവ ഒരു തുണി സഞ്ചിക്കുള്ളിലാക്കി വെയ്ക്കുന്നത് എപ്പോഴും നല്ല സുഗന്ധം നൽകും.
















