ക്ലിഫ് ഹൗസിന് മുന്നിലെ ആശാ വര്‍ക്കേഴ്‌സിന്റെ പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്ത 19 പേരെ വിട്ടയച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയാണ് മ്യൂസിയം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ ആശാവര്‍ക്കേഴ്‌സ് നടത്തിയ പ്രതിഷേധത്തിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസിന്റെ ബലപ്രയോഗത്തില്‍ പരുക്കേറ്റെന്ന് ആശാ പ്രവര്‍ത്തകര്‍ ആരോപിച്ചു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തു.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ 256 -ാം ദിവസമാണ് ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധമാര്‍ച്ച്. ബാരിക്കേഡ് വച്ച് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചെങ്കിലും മുഖ്യമന്ത്രിയെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. പ്രതിഷേധം അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പൊലീസ് എത്തി മൈക്കും ജനറേറ്ററും പിടിച്ചെടുത്തത് സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തില്‍ പൊലീസിനും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. എല്ലാ ജില്ലകളിലും പ്രതിഷേധത്തിന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തു.
STORY HIGHLIGHT : asha workers protest 19 arrested people released
















