ബിഹാർ: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നിലവിൽ 12 സീറ്റുകളിൽ മഹാസഖ്യത്തിലെ സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുന്നുണ്ട്. മഹാസഖ്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
എൻഡിഎ പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് ബിഹാറിൽ എത്തും. വൈശാലിയിലും ഔറംഗാബാദിലും പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും. അതിനിടെ മൊഹാനിയ നിയമസഭാ സീറ്റിൽ നിന്നുള്ള ആർജെഡി സ്ഥാനാർഥി ശ്വേത സുമന്റെ നാമനിർദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയ്ക്കിടെ സാങ്കേതിക പ്രശ്നങ്ങൾ കണ്ടതിനെ തുടർന്നാണ് പത്രിക തള്ളിയത്. നാമനിർദേശ പത്രിക തള്ളിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ശ്വേതാ സുമൻ ആരോപിച്ചു.
മഹാസഖ്യത്തിന്റെ സീറ്റ് ധാരണ സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിക്കുമെന്നും സൂചനകൾ ഉണ്ട്. പട്നയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ഇന്ന് മാധ്യമങ്ങളെ കാണും.
















