വയനാട്: എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. ബാങ്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് എൻഎം വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഐസി ബാലകൃഷ്ണൻ എംഎൽഎ ആണ് ഒന്നാംപ്രതി.
മുൻ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ രണ്ടാംപ്രതി, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവർ മൂന്നും നാലും പ്രതികൾ എന്നിങ്ങനെയാണ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നൽകിയിട്ടുള്ളത്. കേസിൽ നേരത്തെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
വിഷം കഴിച്ചു മരിക്കുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന് എഴുതിയ കത്തിൽ എൻ എം വിജയൻ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാർട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി അദ്ദേഹം പറയുന്നത്. ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തിൽ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എംഎൽഎ ആണെന്ന് ആരോപിക്കുന്ന കത്തിൽ, ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കൾ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന വിവരമുള്ള കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എൻ എം വിജയൻ എഴുതി സൂക്ഷിച്ചിരുന്നു.
















