ന്യൂഡൽഹി: ബിഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ തയ്യാറായി കോൺഗ്രസ് നേതൃത്വം. ഇന്ന് ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കും. മഹാസഖ്യത്തിൽ അസ്വാരസ്യങ്ങളും ഭിന്നതകളും തുടരുന്നതിനിടെ ആണ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ധാരണ ആയത്.
മഹാസഖ്യത്തിൽ വ്യക്തമായ ധാരണയില്ലാതെ ആശയകുഴപ്പം തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച തേജസ്വി യാദവിന്റെ നിലപാടിനോട് വഴങ്ങുകയാണ് കോൺഗ്രസ്. മഹാസഖ്യത്തിന്റെ മുഖം താനാണെന്ന തരത്തിലുള്ള തേജസ്വി യാദവിന്റെ പ്രസ്താവന മുന്നണിയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. എന്നാൽ ബിഹാർ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നണിയിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങളെ പരിഹരിച്ച് മുന്നോട്ടു പോകാനാണ് കോൺഗ്രസിന്റെ തീരുമാനം. സീറ്റ് എണ്ണത്തിൽ പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് കോൺഗ്രസിന്റെ വാദം. നിലവിൽ 12 സീറ്റുകളിൽ മഹാസഖ്യത്തിലെ സ്ഥാനാർത്ഥികൾ പരസ്പരം മത്സരിക്കുന്നുണ്ട്.
സീറ്റ് വിഭജന ചർച്ചകൾക്ക് പിന്നാലെയാണ് ഇൻഡ്യ സഖ്യത്തിൽ പ്രശ്‌നങ്ങളുയർന്നത്. അത് മറികടക്കാനുള്ള ശ്രമത്തലാണ് നേതൃത്വം. സീറ്റ് ധാരണ, മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നിവയിൽ പട്‌നയിൽ നടത്തുന്ന സംയുക്ത വാർത്താ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ചർച്ചകൾക്കായി എഐസിസി നിരീക്ഷകൻ അശോക് ഗെഹ്ലോട്ട് പട്‌നയിൽ എത്തിയിട്ടുണ്ട്.
അതേസമയം, ബിഹാറിൽ സജീവമായ എൻഡിഎ, സ്ഥാനാർത്ഥികളുടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ബിഹാറിലെത്തും. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
















