ന്യൂഡൽഹി: മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 50 ലക്ഷം രൂപ. 96 ഇൻസ്റ്റാഗ്രാം പേജുകളിലായി 5 കോടി 70 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അസിം അഹമ്മദ് (28) ആണ് ഡിജിറ്റൽ ഭീഷണിയിലൂടെ പണം തട്ടിയ സംഘത്തിന്റെ ഇരയായത്.
ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം അസിമിൽ നിന്ന് പണം തട്ടിയത്. അസിമിന്റെ പോസ്റ്റുകൾക്ക് നേരെ വ്യാജ പകർപ്പവകാശ (copyright strikes) പരാതികൾ നൽകിയ ശേഷം, പണം നൽകിയില്ലെങ്കിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തന്റെ പ്രധാന വരുമാന മാർഗ്ഗമായ ഇൻസ്റ്റാഗ്രാം പേജുകൾ നഷ്ടപ്പെടുമെന്ന് ഭയന്ന അസിം, പലതവണയായി 50 ലക്ഷം രൂപയോളം തട്ടിപ്പുകാർക്ക് നൽകി.
“ഏകദേശം ഒരു വർഷമായി ഞാൻ വ്യാജ പകർപ്പവകാശ സ്ട്രൈക്കുകളും ഭീഷണികളും നേരിടുന്നു. പണം നൽകിയില്ലെങ്കിൽ അക്കൗണ്ടുകൾ ഇല്ലാതാക്കുമെന്ന് അവർ പറയുന്നു,” അസിം പറഞ്ഞു. ഓൺലൈൻ സന്ദേശങ്ങളിലൂടെയും ഫോൺ കോളുകളിലൂടെയും ഇൻസ്റ്റാഗ്രാമിന്റെ ഔദ്യോഗിക ഇമെയിൽ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഇമെയിലുകളിലൂടെയുമായിരുന്നു ഭീഷണി. വ്യാജ ‘സ്ട്രൈക്കുകൾ’ പിൻവലിക്കാൻ സഹായിക്കുന്ന ‘മധ്യസ്ഥർ’ എന്ന വ്യാജേന പൂനെയിൽ നിന്നൊരാൾ 25,000 മുതൽ 30,000 രൂപ വരെ ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
സംഭവത്തിൽ അസിം അഹമ്മദ് ജബൽപൂർ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിന്റെ ഓട്ടോമേറ്റഡ് സംവിധാനങ്ങളെ ചൂഷണം ചെയ്യുന്ന പുതിയ തരം സൈബർ കുറ്റകൃത്യമാണിതെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താൻ ഇൻസ്റ്റാഗ്രാമിന്റെ സഹായം തേടിയതായി സൈബർ സെൽ .
















