ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രവർത്തിക്ക് ക്ലീൻ ചിറ്റ് നൽകി സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ‘ക്ലോഷർ റിപ്പോർട്ട്’ സമർപ്പിച്ചു. സുശാന്തിനെ ‘നിയമവിരുദ്ധമായി തടവിലാക്കുകയോ, ഭീഷണിപ്പെടുത്തുകയോ, ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ’ ചെയ്തതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
2020 ജൂൺ 14-ന് മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്ലാറ്റിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, സിബിഐയുടെ കണ്ടെത്തലുകൾ ‘കണ്ണിൽ പൊടിയിടൽ’ ആണെന്നും ‘അപൂർണ്ണമായ രേഖ’യാണെന്നും വിശേഷിപ്പിച്ച് സുശാന്തിന്റെ കുടുംബം റിപ്പോർട്ട് തള്ളിക്കളഞ്ഞു. സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് നൽകിയ കേസ് ഉൾപ്പെടെ രണ്ട് കേസുകളിലാണ് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചത്.
റിയ ചക്രവർത്തിക്കെതിരെ സുശാന്തിന്റെ കുടുംബം ഉന്നയിച്ച പ്രധാന ആരോപണങ്ങളെല്ലാം സിബിഐ റിപ്പോർട്ടിൽ തള്ളിക്കളയുന്നു. റിയയും സഹോദരൻ ഷോവിക്കും ജൂൺ 8-ന് ഫ്ലാറ്റ് വിട്ടുപോയെന്നും, സുശാന്തിന്റെ മരണം വരെ (ജൂൺ 14) അവർ ആരും അവിടെ താമസിക്കുകയോ സുശാന്തുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ജൂൺ 8 മുതൽ 12 വരെ സുശാന്തിന്റെ സഹോദരി മീതു സിംഗ് അദ്ദേഹത്തോടൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്നു. സുശാന്ത് സമ്മാനമായി നൽകിയ ആപ്പിൾ ലാപ്ടോപ്പും വാച്ചുമല്ലാതെ, മറ്റെന്തെങ്കിലും സ്വത്ത് റിയ കൈക്കലാക്കിയതിന് തെളിവില്ലെന്നും സാമ്പത്തിക ഇടപാടുകൾ അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റാണ് കൈകാര്യം ചെയ്തിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
റിയയെ സുശാന്ത് ‘കുടുംബം’ എന്ന് വിശേഷിപ്പിച്ചിരുന്നുവെന്നും, റിയയോ മറ്റ് പ്രതികളോ സുശാന്തിനെ ഭീഷണിപ്പെടുത്തിയതിന് ഡിജിറ്റൽ തെളിവുകൾ ലഭ്യമല്ലെന്നും സിബിഐ വ്യക്തമാക്കി. റിയ ആത്മഹത്യാ ഭീഷണി മുഴക്കിയതായി കുടുംബം ആരോപിച്ചത് കേട്ടുകേൾവി മാത്രമാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. കൂടാതെ, സുശാന്തിനെ ആരും തടവിലാക്കുകയോ നിയന്ത്രിക്കുകയോ ചെയ്തതിന് തെളിവില്ലെന്നും, ആത്മഹത്യയിലേക്ക് നയിക്കാൻ പ്രതികളാരെങ്കിലും ഉടനടി പ്രകോപനമുണ്ടാക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തതിന് തെളിവില്ലെന്നും ക്ലോഷർ റിപ്പോർട്ടിൽ സിബിഐ അന്തിമമായി പറയുന്നു.
















