ജപ്പാന്‍ മൊബിലിറ്റി ഷോയ്ക്ക് മുന്നോടിയായി സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ വിഷന്‍- ഇ- സ്‌കൈ ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് പുറത്തുവിട്ടു. അടുത്ത തലമുറ വാഗണ്‍-ആര്‍ ഇവിയാണോ എന്ന തരത്തില്‍ ഇതിനെപറ്റി ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്.ടോള്‍ ബോയ്, ബോക്സി ഡിസൈനിലെത്തുന്ന സുസുക്കി വിഷന്‍ ഇ-സ്‌കൈ ഇലക്ട്രിക് കാറിന് വാഗണ്‍ ആറുമായി സാമ്യം ഏറെയാണ്.
2025 അവസാനത്തോടെ ഇന്ത്യയില്‍ മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഇവി വിപണി പിടിച്ചെടുക്കുന്നതിനായി കൂടുതല്‍ താങ്ങാനാവുന്ന ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി സുസുക്കി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടാറ്റ മോട്ടോഴ്സ്, എംജി തുടങ്ങിയ എതിരാളികള്‍ ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ ഇലക്ട്രിക് ഹാച്ച്ബാക്കുകള്‍ ഇതിനകം വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. മാരുതിയുടെ അടുത്ത ഇവി എന്‍ട്രി ലെവല്‍ സെഗ്മെന്റിനെ ലക്ഷ്യം വയ്ക്കാന്‍ സാധ്യതയുണ്ട്. ഇ-സ്‌കൈ ബിഇവി കണ്‍സെപ്റ്റ് ഈ സാധ്യതകളെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ്.
ജപ്പാനില്‍ സുസുക്കി വില്‍ക്കുന്ന പെട്രോള്‍ വാഗണ്‍ ആറിനോട് സമാനമായ രൂപമാണ് സുസുക്കി വിഷന്‍ ഇ-സ്‌കൈ കണ്‍സെപ്റ്റിനുള്ളത്. ബംപറിന് പരന്ന രൂപമാണ്. ആകര്‍ഷകമായ നിറങ്ങളിലും ഈ ഇവി എത്തുമെന്ന സൂചനകളും സുസുക്കി പുറത്തുവിട്ട ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. വശങ്ങളിലേക്കുവന്നാല്‍ ഡോറിലേക്ക് ചരിഞ്ഞിറങ്ങുന്ന വീല്‍ ആര്‍ക്കുകളും പുതിയ വീലുകളും ബ്ലാക്ക്ഡ് ഔട്ട് എ, ബി പില്ലറുകളും കാണാനാവും. പെട്രോള്‍ വാഗണ്‍ ആറിന് ഫ്ളാറ്റ് റൂഫാണെങ്കില്‍ സ്വിഫ്റ്റിലും മറ്റും കണ്ടുവരുന്ന വശങ്ങളില്‍ വളഞ്ഞിറങ്ങുന്ന റൂഫ് ഡിസൈനാണ് വിഷന്‍ ഇ- സ്‌കൈക്കുള്ളത്. ഇത് സ്പോര്‍ട്ടി ലുക്ക് വാഹനത്തിന് നല്‍കുന്നുണ്ട്. പിന്നില്‍ ഇ രൂപത്തിലുള്ള ടെയില്‍ ലൈറ്റുകളും ഫ്ലാറ്റ് ബംപറും വലിയ വിന്‍ഡ്സ്‌ക്രീനും സ്പോയിലര്‍ മൗണ്ടഡ് സ്റ്റോപ്പ് ലാംപുകളും നല്‍കിയിരിക്കുന്നു.
3,395എംഎം നീളവും 1,475എംഎം വീതിയും 1,625 എംഎം ഉയരവുമുള്ള വാഹനമാണ് വിഷന്‍ ഇ-സ്‌കൈ. ഈ അളവുകളും ജപ്പാനിലെ വാഗണ്‍ ആറുമായി ചേര്‍ന്നു പോവുന്നതാണ്. വലിയ ടച്ച്സ്‌ക്രീനും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പ്രതീക്ഷിക്കാം. ഏതാണ്ട് 12 ഇഞ്ചിനോട് അടുത്ത വലിപ്പമുള്ളവയായിരിക്കും ഇവയെല്ലാം. ഡാഷ്ബോര്‍ഡിലും ഡോറിലുമെല്ലാം ആംബിയന്റ് ലൈറ്റിങും കാണാനാവും. സിറ്റി ഡ്രൈവിന് യോജിച്ച ബജറ്റ് ഇവിയായിട്ടായിരിക്കും ഇന്ത്യയിലെത്തുക എന്ന് കരുതുന്നു.
എല്‍ഇഡി ലൈറ്റ് ബാറുള്ള ഫ്യൂച്ചറിസ്റ്റിക് ഫാസിയ, സി-ആകൃതിയിലുള്ള ഡിആര്‍എല്‍, എയറോ-ഫ്രണ്ട്ലി വീലുകള്‍ എന്നിവ സ്‌റ്റൈലിങ് ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. ഒറ്റ ചാര്‍ജില്‍ 270 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ബാറ്ററി സംവിധാനമായിരിക്കും വാഹനത്തില്‍ ഉണ്ടാവുക എന്ന് കരുതുന്നു.
content highlight: Suzuki new EV
















