ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. ഓപ്പണർ രോഹിത് ശർമയുടെയും ശ്രേയസ് അയ്യരുടെയും അർധ സെഞ്ചുറികളാണ് തകർച്ചയിൽ നിന്ന് ടീം ഇന്ത്യയെ രക്ഷിച്ചത്.
തുടക്കം പിഴച്ച ഇന്ത്യക്കായി 97 പന്തിൽ രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 73 റൺസെടുത്ത രോഹിത് ശർമ ടോപ് സ്കോററായി. 77 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറികളോടെ 61 റൺസെടുത്ത ശ്രേയസ് അയ്യർ മികച്ച പിന്തുണ നൽകി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 118 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ലായി.
ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ പ്രമുഖരെ നഷ്ടമായി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (9), വിരാട് കോലി (0) എന്നിവർ പെട്ടെന്ന് പുറത്തായി. കോലി തുടർച്ചയായ രണ്ടാം മത്സരത്തിലും റൺസെടുക്കാതെ മടങ്ങിയത് ആരാധകരെ നിരാശപ്പെടുത്തി. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, സേവ്യർ ബാർട്ട്‌ലെറ്റ് എന്നിവർ മികച്ച സ്വിങ് കണ്ടെത്തിയ അഡ്‌ലെയ്ഡ് പിച്ചിൽ ഇന്ത്യൻ ബാറ്റർമാർക്ക് താളം കണ്ടെത്താനായില്ല.
രോഹിത്-അയ്യർ സഖ്യം ശ്രദ്ധയോടെ ബാറ്റ് വീശി ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും 30-ാം ഓവറിൽ രോഹിത്തിനെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. അധികം വൈകാതെ ശ്രേയസ് അയ്യരും ആദം സാംപയുടെ പന്തിൽ വീണു.
മധ്യനിരയിൽ കെ.എൽ രാഹുൽ (11), വാഷിങ്ടൺ സുന്ദർ (12), നിതീഷ് കുമാർ റെഡ്ഡി (8) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. എന്നാൽ, 41 പന്തുകൾ നേരിട്ട അക്ഷർ പട്ടേൽ അഞ്ച് ബൗണ്ടറികളടക്കം 44 റൺസെടുത്ത് ഇന്ത്യൻ സ്‌കോർ ഉയർത്തി. വാലറ്റത്ത് 18 പന്തിൽ നിന്ന് 24 റൺസെടുത്ത ഹർഷിത് റാണയുടെ പ്രകടനവും അർഷ്ദീപ് സിങ്ങിന്റെ (13) ചെറുത്തുനിൽപ്പും ഇന്ത്യക്ക് മാന്യമായ ടോട്ടൽ സമ്മാനിച്ചു.
ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാംപ 4 വിക്കറ്റുകൾ വീഴ്ത്തി. സേവ്യർ ബാർട്ട്‌ലെറ്റ് 3 വിക്കറ്റുകളും മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റുകളും നേടി. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യക്ക് പരമ്പരയിൽ തിരിച്ചുവരവിന് ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്.
















