ഇനി കാക്കിയിട്ട് ഡ്യൂട്ടിക്ക് വരാനാകില്ല. വലിയ മതിലുകള്‍ക്കുള്ളില്‍ തടവുകാരെ നിയന്ത്രിക്കേണ്ട. പക്ഷെ, ഒരിക്കല്‍ കൂടി വരുന്നുണ്ട്. ഒരേയൊരു തവണ കൂടി. സഹപ്രവര്‍ത്തകരുടെ സ്‌നേഹത്തില്‍പ്പൊതിഞ്ഞ അവസാന സല്യൂട്ട് ഏറ്റുവാങ്ങാന്‍. ജീവനില്ലെന്നേയുള്ളൂ, പക്ഷെ, വിതുമ്പലായി അവന്‍ ഓരോരുത്തരുടെയും ഹൃദയത്തില്‍ തൊടുന്നുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായ തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്‍. അനീഷിന്റെ (38) മൃതദേഹം കൊണ്ടു വരികയാണ്. ഇന്നു വൈകിട്ട് 5 മണിക്ക്. സെന്‍ട്രല്‍ ജയിലിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ ഇടത്ത് സഹപ്രവര്‍ത്തകരോട് അന്ത്യയാത്ര പറയാന്‍ വേണ്ടിയുള്ള വരവ്.
ശബരിമലയില്‍ അയ്യപ്പനെയും കണ്ട് മടങ്ങി വരാമെന്നു പറഞ്ഞ് പോയവന്റെ തിരിച്ചു വരവ് ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ 17ന് ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് അനീഷ് തിരിച്ചുവരുമ്പോള്‍ രാത്രി 8.30 മണിയോടെ പമ്പയില്‍ വച്ച് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഉടന്‍ തന്നെ പത്തനംതിട്ടയിലെ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എന്നാല്‍, ഇന്നലെ മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തിരിച്ചു വരാനാകില്ലെന്നുറപ്പിച്ചപ്പോഴും ഹൃദയവേദനകളെല്ലാം കടിച്ചമര്‍ത്തി അനീഷിന്റെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.
അനീഷിന്റെ കുടുംബത്തിനും കൊടുക്കണം വലിയൊരു സല്യൂട്ട്. ഹൃദയം ഉള്‍പ്പടെ 9 അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാന്‍ക്രിയാസ്, കരള്‍, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും പാന്‍ക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.
അനീഷ് ഒരു മാതൃക കൂടിയാണ് കാട്ടി തരുന്നത്. ജയിലില്‍ കൂടെ ജോലി ചെയ്യുന്നവര്‍ക്കെല്ലാം മാതൃകയായി മാറിയത് അവയവങ്ങള്‍ ദാനം ചെയ്തു കൊണ്ടാണ്. ജയില്‍ വകുപ്പിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു ദാനം ഉണ്ടായിട്ടുണ്ടാകില്ല.
അവസാന യാത്രയ്ക്കു വേണ്ടി തയ്യാറെടുക്കുമ്പോഴും ആഗ്രഹമൊന്നു ബാക്കിയെന്ന പോലെ അവന്‍ വരികയാണ്. ഒരു സല്യൂട്ട്. അത്രമാത്രം. തിരികെ ഇനി വരാനാകില്ലെന്ന് അവനും, ഇനി കാണാനാകില്ലല്ലോ എന്ന് സഹപ്രവര്‍ത്തകരും. എങ്കിലും ഒരു വിതുമ്പലായ് എന്നും വന്നു വിളിക്കുമവന്‍ എന്നുറപ്പാണ്.
അനീഷിന്റെ അവയവങ്ങള്‍ തുടിച്ചു തുടങ്ങി
അനീഷിന്റെ അവയവങ്ങള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതിലൂടെ കോട്ടയം മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി. ഡല്‍ഹി എയിംസിന് ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത്. ഹൃദയം,
ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത് പ്രശസ്ത കാര്‍ഡിയോ തൊറാസിക് വിദഗ്ധനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ഡോ. രാജീവനുമാണ്. ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്‍. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. അതില്‍ ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കാണ് ലഭിച്ചത്.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫെര്‍ഫ്യൂഷനിസ്റ്റുകള്‍, ടെക്നീഷ്യന്‍മാര്‍, മറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ 50 ഓളം പേരാണ് രാത്രി പകലാക്കി 3 മേജര്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്. 3 ഓപ്പറേഷന്‍ തീയറ്ററുകളില്‍ 3 ടീമുകളാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ദാതാവില്‍ നിന്നുള്ള അവയവങ്ങള്‍ സ്വീകരിക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്. തുടര്‍ന്ന് 9 മണിയോടെ സ്വീകര്‍ത്താക്കള്‍ക്ക് അവയവം മാറ്റിവയ്ക്കുന്ന 3 ശസ്ത്രക്രിയകളും ആരംഭിച്ചു. പുലര്‍ച്ചെ 2 മണിയോളം നീളുന്നതായിരുന്നു ശസ്ത്രക്രിയകള്‍. തൃശൂര്‍ സ്വദേശിയായ 59 വയസുകാരന് ഹൃദയവും കോട്ടയം സ്വദേശിനിയായ 27 വയസുകാരിക്ക് ശ്വാസകോശവും പത്തനംതിട്ട സ്വദേശിയായ 38 വയസുകാരന് വൃക്കയും വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായതിനാല്‍ ഒരാഴ്ചയോളം നിര്‍ണായകമാണ്.
CONTENT HIGH LIGHTS; A salute is needed before the final journey: A final farewell to Anish, who is resurrected through 9 names
















