ക്ഷണപൊതികൾക്കായി വലിയ ആൾക്കൂട്ടം തിക്കിതിരക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബിഹാറിൽ വോട്ട് നേടാനായി കോൺഗ്രസ് ബിരിയാണി വിതരണം നടത്തുന്നു എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്ന ആളുകളെ തട്ടിമാറ്റി ഭക്ഷണപൊതികൾ എടുക്കുന്നവരെ വീഡിയോയിൽ കാണാം.
“ബിഹാറിൽ ബിരിയാണി കൊടുത്ത് വോട്ട് പിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം കാണു.. ആർത്തി മൂത്ത് ആൾക്കാരും” എന്ന തലകെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നത്.
അന്വേഷണം
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ സ്ക്രീൻഷോട്ട് ഉൾപ്പെടുത്തി ദി ഫ്രീ പ്രസ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭ്യമായി. എഐഎംഐഎം (ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ) സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന പരിപാടിക്കിടെ ആളുകൾ ബിരിയാണി തട്ടിയെടുക്കുന്ന ദൃശ്യമാണ് ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ബഹദൂർഗഞ്ച് നിയമസഭാ സീറ്റിൽ നിന്ന് മത്സരിക്കുന്ന എഐഎംഐഎം സ്ഥാനാർത്ഥി തൗസിഫ് ആലമിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ചടങ്ങിലാണ് സംഭവം നടന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമാനമായ വീഡിയോ ഉൾപ്പെടെ പ്രസിദ്ധീകരിച്ച ചില റിപ്പോർട്ടുകളും ലഭ്യമായി. ഒക്ടോബർ 17ന് ആജ് തക് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് എഐഎംഐഎം സ്ഥാനാർത്ഥി തൗസിഫ് ആലമിന്റെ അനുയായികൾക്കായി ബിരിയാണി ഒരുക്കിയിരുന്നു. എന്നാൽ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്ത് ആളുകൾ തിക്കും തിരക്കുമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലഭ്യമായ വിവരങ്ങളിൽ നിന്നും കോൺഗ്രസ് വോട്ടിനായി ബിരിയാണി വിതരണം ചെയ്യുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ എഐഎംഐഎം പ്രവർത്തകർക്കായി നടത്തിയ ബിരിയാണി വിതരണത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.
















