ദക്ഷിണ കലിഫോർണിയയിൽ മൂന്നുപേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും കാരണമായ ട്രക്ക് അപകടവുമായി ബന്ധപ്പെട്ട് 21 വയസ്സുള്ള ജഷൻപ്രീത് സിംഗ് എന്ന ഇന്ത്യൻ പൗരൻ അറസ്റ്റിലായി. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ അപകടകരമായി വാഹനമോടിച്ച് ആളപായം വരുത്തിയതിന് ‘ഗ്രോസ് വെഹിക്കുലാർ മാൻസ്ലോട്ടർ വൈൽ ഇൻടോക്സിക്കേറ്റഡ്’ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സാൻ ബെർണാർഡിനോ കൗണ്ടി ഫ്രീവേയിലെ ഐ-10ൽ സാവധാനം നീങ്ങുകയായിരുന്ന വാഹനനിരയിലേക്ക് ഇയാൾ ഓടിച്ച ഭീമൻ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു എസ്‌യുവിക്ക് തീപിടിക്കുകയും ചെയ്തു.
സിംഗിന്റെ ട്രക്കിലെ ഡാഷ്‌കാമിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ട്രക്ക് ഇരച്ചുകയറുന്നതിനുമുമ്പ് ഇയാൾ ബ്രേക്ക് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിംഗിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് ഡ്രൈവിംഗ് എന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ടോക്സിക്കോളജി പരിശോധനയിൽ ഈ കണ്ടെത്തൽ സ്ഥിരീകരിക്കുകയും ചെയ്തു. ട്രക്ക് ഡ്രൈവറായ സിംഗിനും ടയർ മാറ്റാൻ സഹായിച്ച റോഡരികിലെ മെക്കാനിക്കിനും അപകടത്തിൽ പരിക്കേറ്റിരുന്നു.
അനധികൃത കുടിയേറ്റക്കാരനാണ് ജഷൻപ്രീത് സിംഗ് എന്ന് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) സ്ഥിരീകരിച്ചു. 2022-ൽ യുഎസ് അതിർത്തി കടന്ന സിംഗിനെ അന്ന് ബോർഡർ പട്രോൾ പിടികൂടിയിരുന്നെങ്കിലും, പിന്നീട് ജോ ബൈഡൻ ഭരണകൂടത്തിന്റെ “ഇതര തടങ്കൽ” നയം (Alternatives to Detention policy) പ്രകാരം കുടിയേറ്റ ഹിയറിംഗിനായി കാത്തിരിക്കാൻ അനുവദിച്ചുകൊണ്ട് രാജ്യത്തേക്ക് വിട്ടയക്കുകയായിരുന്നു. നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഇയാൾക്കെതിരെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അപകടത്തിൽ മരണപ്പെട്ട മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
















