ഈ വർഷത്തെ ശബരിമല മേൽശാന്തിയുടെ സഹായികളുടെ മുഴുവൻ പേര് വിവരങ്ങൾ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്, ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദേശം. സന്നിധാനത്ത് സേവനത്തിന് എത്തുന്നതിന് മുമ്പ് ഇവരുടെ രേഖകൾ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മേൽശാന്തി നിയമനം സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് നിർദേശങ്ങൾ.
മേൽശാന്തിയുടെ സഹായികളുടെ മുൻകാല പശ്ചാത്തലവും മറ്റു വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ടോ എന്നും അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇവരിൽ ആരെങ്കിലും വ്യത്യസ്ത മേൽശാന്തിമാരുടെ കീഴിൽ മുൻകാലങ്ങളിൽ സന്നിധാനത്ത് ഉണ്ടായിരുന്നോ എന്നും അറിയിക്കണം. ഇവരിൽ ആരെങ്കിലും നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടാൽ ആർക്കാണ് ഉത്തരവാദിത്വമെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യങ്ങളിൽ വിശദമായ സത്യവാങ്മൂലം നൽകാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയിരിക്കുന്നത്.
സന്നിധാനത്തെ മേൽശാന്തിയുടെ കർത്തവ്യങ്ങളും ആചാരങ്ങളും നിർവഹിക്കുന്നതിന് സഹായിക്കുന്നതിനായി, ഏകദേശം 20 വ്യക്തികളെ മേൽശാന്തി തന്നെ കൊണ്ടുവരുന്നുവെന്നും, അത്തരം വ്യക്തികൾ അദ്ദേഹത്തിന്റെ മുഴുവൻ കാലാവധിയിലും അദ്ദേഹത്തിന്റെ വിവേചനാധികാരത്തിലും സേവനം ചെയ്യുന്നുവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗൺസിൽ കോടതിയിൽ പറഞ്ഞു. മേൽശാന്തിക്ക് ഓണറേറിയം മാത്രമേ നൽകുന്നുള്ളൂവെന്നും, അദ്ദേഹത്തെ സഹായിക്കുന്ന വ്യക്തികൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് യാതൊരു പ്രതിഫലമോ സാമ്പത്തിക ആനുകൂല്യമോ നൽകുന്നില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗൺസിൽ വാദിച്ചു.
STORY HIGHLIGHT : High court directs Provide names and details of Sabarimala Melshanthi’s assistants
















