മാനന്തവാടി തിരുനെല്ലി ആശ്രമം സ്കൂളിലെ പട്ടികവർഗ ഹോസ്റ്റലിൽ ദുരിതപൂർണ്ണമായ സാഹചര്യത്തിൽ താമസിക്കേണ്ടി വന്ന വിദ്യാർഥികളെ അവരുടെ താൽപര്യത്തിനു വിരുദ്ധമായി കണ്ണൂർ ജില്ലയിൽ ആറളത്തേക്കു മാറ്റാനുള്ള തീരുമാനം ആശങ്കാജനകമാണെന്ന് പ്രിയങ്ക ഗാന്ധി എംപി. നിലവിലെ ഹോസ്റ്റലിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കുട്ടികളെ വയനാട് തന്നെ പഠിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളുവിന് അയച്ച കത്തിൽ അവർ ആവശ്യപ്പെട്ടു.ഒട്ടേറെ വെല്ലുവിളി നേരിട്ടാണ് പ്രതികൂല സാഹചര്യത്തിലും ഈ വിദ്യാർഥികൾ അക്കാദമികവും കായികവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്.
ഏറ്റവും പിന്നാക്ക അവസ്ഥയിൽ ജീവിക്കുന്ന അടിയ, പണിയ സമൂഹത്തിൽ പെട്ട ഈ കുട്ടികൾ ആ സമൂഹത്തിന് മാത്രമല്ല, രാജ്യത്തെ മുഴുവൻ കുട്ടികൾക്കും പ്രചോദനമാണ്. വയനാട്ടിൽ നിന്നുള്ള ഭൂരിപക്ഷം കുട്ടികളും മറ്റൊരു ജില്ലയിലേക്ക് മാറി പഠനം നടത്തേണ്ടി വരുമ്പോൾ വിദ്യാർഥികളിൽ കൊഴിഞ്ഞു പോക്കിനുള്ള സാധ്യതയുണ്ട് എന്ന് പ്രിയങ്ക ഗാന്ധി കത്തിൽ സൂചിപ്പിച്ചു.ജില്ല വിട്ട് പോവുന്നതിൽ ഭൂരിഭാഗം വിദ്യാർഥികളും എതിർപ്പ് അറിയിച്ചിട്ടുള്ളതായി മനസ്സിലാക്കുന്നു. ശോചനീയമായ സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് താമസിക്കേണ്ടി വന്ന സംഭവം ദൗർഭാഗ്യകരമാണ്. മനുഷ്യരെ നാണിപ്പിക്കുന്ന ഈ സാഹചര്യങ്ങളിൽ നിന്നാണ് അവർ ആ സ്‌കൂളിന് അഭിമാനകരമായ നേട്ടങ്ങൾ ഉണ്ടാക്കിയത്.
അവർക്ക് അവരുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് അവരുടെ പ്രദേശത്ത് തന്നെ പഠിക്കാൻ സൗകര്യമുണ്ടാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.അടിയ, പണിയ വിഭാഗം പോലെ സമൂഹത്തിൽ ഏറ്റവും പിന്നാക്ക അവസ്ഥ നേരിടുന്ന വിദ്യാർഥികൾക്ക് അവരുടെ താൽപര്യത്തിനനുസരിച്ച ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കണമെന്നും അടിയന്തരമായി നിലവിലെ ഹോസ്റ്റലിലെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി അവിടെ തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും പ്രിയങ്ക ഗാന്ധി എംപി കത്തിൽ ആവശ്യപ്പെട്ടു.
STORY HIGHLIGHT : priyanka-gandhi-wayanad-tribal-students
















