ഷാർജ: ഷാർജയിലെ റോഡുകൾക്ക് നവംബർ 1 മുതൽ ഗതാഗത നിയന്ത്രണത്തിലും സുരക്ഷയിലും വലിയ മാറ്റം വരുന്നു. മോട്ടോർസൈക്കിളുകൾ, ബസുകൾ, ട്രക്കുകൾ എന്നിവയ്ക്കായി ഇനി പ്രത്യേകം ലെയിൻ സംവിധാനം നടപ്പാക്കുമെന്ന് ഷാർജ പൊലീസ് പ്രഖ്യാപിച്ചു.
പോലീസിന്റെ പുതിയ പദ്ധതി പ്രകാരം, പ്രധാന റോഡുകളിലെ ഏറ്റവും വലത് ഭാഗത്തെ ലെയിൻ ബസുകൾക്കും ട്രക്കുകൾക്കും മാത്രമായി മാറ്റിവയ്ക്കും. അതിനടുത്തുള്ള ലെയിൻ മോട്ടോർസൈക്കിളുകൾക്കും ഡെലിവറി ബൈക്കുകൾക്കും അനുവദിക്കും. മൂന്ന് ലെയിനുകളോ രണ്ടുലെയിനുകളോ ഉള്ള റോഡുകളിൽ ആവശ്യമായ വിധത്തിൽ പ്രത്യേക മാർഗ്ഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരുത്തും.
പുതിയ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്മാർട്ട് റാഡാറുകളും ഹൈ-റസല്യൂഷൻ ക്യാമറകളും ട്രാഫിക് പട്രോളുകളും വിന്യസിക്കുമെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി. നിയമലംഘനം ചെയ്യുന്ന വാഹനങ്ങൾക്കെതിരെ ഉടനടി കർശന നടപടി സ്വീകരിക്കും.
ട്രക്കുകളും ബസുകളും അനുവദിച്ച ലെയിനിന് പുറത്തു ഓടുകയാണെങ്കിൽ AED 1,500 രൂപ പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. അതുപോലെ, ട്രാഫിക് ചിഹ്നങ്ങൾ അല്ലെങ്കിൽ നിർദേശങ്ങൾ മറികടക്കുന്നവർക്ക് AED 500 വരെ പിഴ ചുമത്തും.
പുതിയ ക്രമീകരണം റോഡുകളിൽ അപകടങ്ങൾ കുറയ്ക്കാനും ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നതാണെന്ന് പൊലീസ് അറിയിച്ചു. “മോട്ടോർസൈക്കിളുകളും ഭാരവാഹനങ്ങളും തമ്മിലുള്ള അപകടങ്ങൾ കുറയ്ക്കാനും യാത്രാ സമയം ചുരുക്കാനും ഈ നീക്കം സഹായിക്കും,” എന്ന് ട്രാഫിക് ഡയറക്ടർ വ്യക്തമാക്കി.
യാത്ര തുടങ്ങുന്നതിന് മുമ്പ് പുതിയ ലെയിൻ നിർദേശങ്ങളും ട്രാഫിക് ബോർഡുകളും മനസ്സിലാക്കണമെന്നും, പുതുതായി അടയാളപ്പെടുത്തിയ മാർക്കിംഗുകൾ കൃത്യമായി പാലിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
















