ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ വിദേശ കലാകാരിയുടെ കലാസൃഷ്ടികൾ നശിപ്പിക്കപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. കേരള ലളിത കലാ അക്കാദമി ചെയർമാന്റെ പരാതിയിലാണ് നടപടി. നോർവിജിയൻ കലാകാരി ഹനാൻ ബെനാമറിന്റെ പ്രദർശനം അശ്ലീലം എന്നാരോപിച്ച് പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആർ. കുറ്റകൃത്യം നടത്തുക എന്ന ഉദ്ദേശത്തോടെ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി എന്ന വകുപ്പിലാണ് കേസ്. ഹോചിമിൻ പി എച്ച് , സുധാംശു എന്നിവർക്കെതിരെയാണ് കേസെടുത്തത്.
നിയമ നടപടി ആവശ്യപ്പെട്ട് കേരള ലളിതകലാ അക്കാദമി സിറ്റി കമ്മീഷണർ ഓഫീസിലെത്തി പരാതി നൽകിയിരുന്നു. ഇന്നലെ രാത്രി ഏഴു മണിക്കായിരുന്നു സംഭവം. ആർട്ട് ഗാലറി അടക്കാറായപ്പോൾ രണ്ട് പേർ കയറി വരികയും ലിനോ കട്ടുകൾ കീറിയെറിയുകയുമായിരുന്നു. അവരുടെ ഭാഷയിലായിരുന്നു ലിനോ കട്ടുകൾ തയ്യാറാക്കിയത്. പിന്നീട് അത് ഇവിടെ പ്രദർശിപ്പിക്കാനായി ഗൂഗിൾ ട്രാൻസലേറ്റ് ഉപയോഗിച്ച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. അതാണ് കീറിയെറിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ ലൈവ് ഇട്ടുകൊണ്ടാണ് ഇവർ ആർട്ട് ഗാലറിയിൽ എത്തിയത്.
STORY HIGHLIGHT : Police registers case in artwork torn and destroyed at durbar hall art gallery
















