സിപിഐയുടെ കടുത്ത എതിർപ്പ് മറികടന്ന് കേന്ദ്ര വിദ്യാഭ്യാസ പദ്ധതി ,പിഎം ശ്രീയിൽ ചേരാനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിനായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. തടഞ്ഞു വച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കേരളം മാറിയതോടെ 1500 കോടി രൂപ ഉടൻ സംസ്ഥാനത്തിന് ലഭിക്കും. കേരളം പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം പിന്തുടരേണ്ടി വരും. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഫണ്ട് വെറുതെ പാഴാക്കി കളയണോ എന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടേത്. പദ്ധതി നടപ്പാക്കാതെ കേരളത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും നിയമപരമായി തടസങ്ങൾ ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. പിഎം ശ്രീ പദ്ധതിയിലെ വിയോജിപ്പ് തുടരുമെന്ന സിപിഐയുടെ നിലപാട് തള്ളിയാണ് സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായത്.
പിഎം ശ്രീ പദ്ധതി ആർഎസ്എസ് അജണ്ടയാണെന്ന വാദത്തിലൂന്നി സിപിഐ എതിർപ്പ് തുടരുമ്പോഴും കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ പദ്ധതികൾ അവതാളത്തിലാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി പറയുന്നത്. കേന്ദ്രത്തിൽ നിന്ന് 1186 കോടിയിലേറെ കിട്ടാനുണ്ടെന്ന് വി ശിവൻകുട്ടി ചൂണ്ടിക്കാണിക്കുന്നു. ഇതിൽ 800 കോടിയോളം മുൻ വർഷങ്ങളിലെ കുടിശികയാണ്. 2024-25ൽ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി 3757.89 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചത്. സംസ്ഥാനത്ത് 336 സ്കൂളുകൾക്കാണ് പിഎം ശ്രീ വഴിയുള്ള കേന്ദ്ര ഫണ്ട് ലഭിക്കുക.
പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിലെ ആദ്യ രണ്ട് നിബന്ധനകൾ വളരെ പ്രസക്തമാണ്. ഒന്നാമത്തെ നിബന്ധന തന്നെ പി എം ശ്രീയുടെ ഭാഗമാകാൻ ദേശീയ വിദ്യാഭ്യാസ നയം പൂർണമായും നടപ്പിലാക്കണമെന്നാണ്. പിഎം ശ്രീയുടെ ലക്ഷ്യം തന്നെ 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക എന്നതാണെന്നിരിക്കെ ഫണ്ട് വാങ്ങി നയത്തെ എതിർക്കാൻ കേന്ദ്രം അനുവദിക്കില്ലെന്ന് ഉറപ്പ്. പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകളെ പിഎം ശ്രീ സ്കൂളുകൾ എന്ന് വിളിക്കണമെന്നാണ് രണ്ടാമത്തെ നിബന്ധന. ഇതിനെയും സിപിഐക്കൊപ്പം സിപിഐഎം നേരത്തെ എതിർത്തിരുന്നു.
STORY HIGHLIGHT : Kerala join the Central Education Scheme PM Shri
















