രണ്ട് പ്രമുഖ റഷ്യൻ എണ്ണ ഉത്പാദകർക്കെതിരായ യു.എസ് ഉപരോധത്തെ തുടർന്ന് റഷ്യൻ എണ്ണയുടെ ഇറക്കുമതി കുത്തനെ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. യുഎസുമായുള്ള വ്യാപാര കരാറിനുള്ള പ്രധാന തടസം ഇതോടെ നീങ്ങിയേക്കും.റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണ ഉത്പാദകരായ ലുക്കോയിൽ, റോസ്നെഫ്റ്റ് എന്നിവയ്ക്കാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയത്. റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഇന്ത്യൻ ഉപഭോക്താവായ റിലയൻസ് ഇൻഡസ്ട്രീസ് റോസ്നെഫ്റ്റുമായുള്ള ദീർഘകാല കരാർ നിർത്തലാക്കാനോ ഇറക്കുമതി കുറയ്ക്കാനോ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
‘റഷ്യൻ എണ്ണ ഇറക്കുമതിയുടെ പുനഃക്രമീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങളുമായി പൂർണ്ണമായും യോജിച്ച് റിലയൻസ് പ്രവർത്തിക്കും.’ റിലയൻസ് വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ പൊതുമേഖലാ റിഫൈനറികളും റോസ്നെഫ്റ്റിൽനിന്നും ലുക്കോയിലിൽനിന്നും നേരിട്ട് എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ വ്യാപാരരേഖകളുടെ പരിശോധന യുഎസ് കർശനമാക്കിയിട്ടുണ്ട്.പടിഞ്ഞാറൻ ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സമുച്ചയം സ്വന്തമായുള്ള മുകേഷ് അംബാനിയുടെ റിലയൻസിന് റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിൽനിന്ന് പ്രതിദിനം ഏകദേശം 5,00,000 ബാരൽ ക്രൂഡ് ഓയിൽ വാങ്ങാൻ ദീർഘകാല കരാറുണ്ട്. ഇടനിലക്കാരിൽനിന്നും റിലയൻസ് റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്.
റോസ്നെഫ്റ്റിനു ഭൂരിപക്ഷം ഓഹരികളുള്ള നയാര എനർജിയും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നുണ്ട്. റിലയൻസ് മിഡിൽ ഈസ്റ്റിൽനിന്നും ബ്രസീലിൽനിന്നും സ്‌പോട്ട് ക്രൂഡ് കാർഗോകൾ വാങ്ങിയിട്ടുണ്ടെന്നും ഇത് റഷ്യൻ വിതരണത്തിന് പകരമായി ഉപയോഗിക്കാമെന്നും ഈ മേഖലയിലുള്ള വിദഗ്ധർ പറയുന്നു. ഇന്ത്യൻ പൊതുമേഖല റിഫൈനറികൾ ഇടനിലക്കാർ വഴിയാണ് എണ്ണ വാങ്ങുന്നത്.റഷ്യ-യുക്രൈൻ യുദ്ധത്തിന് ശേഷം വിലക്കിഴിവുള്ള റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താവായി ഇന്ത്യ മാറിയിരുന്നു. ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ പ്രതിദിനം ഏകദേശം 1.7 ദശലക്ഷം ബാരലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
STORY HIGHLIGHT : india-cuts-russian-oil-imports-us-sanctions
















