രാജ്യത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനായി 79,000 കോടി രൂപയുടെ സൈനിക ഉപകരണങ്ങൾ വാങ്ങാൻ ഇന്ത്യ. മൂന്ന് സായുധ സേനകളുടെയും ആക്രമണ ശേഷിയും കരുത്തും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) യോഗം മൂന്ന് സേനാവിഭാഗങ്ങൾക്കുമായി നിർണ്ണായക സംവിധാനങ്ങൾ വാങ്ങുന്നതിന് അംഗീകാരം നൽകി. ട്രാക്കുകളോടു കൂടിയ നാഗ് മിസൈൽ സംവിധാനം വാങ്ങാനുള്ള നിർദ്ദേശത്തിന് ഡിഎസി അംഗീകാരം നൽകി. ജിബിഎംഇഎസ് എന്ന് വിളിക്കപ്പെടുന്ന കര അധിഷ്ഠിത മൊബൈൽ ഇലിന്റ് സിസ്റ്റങ്ങൾ, ക്രെയ്‌നുകളുള്ള ഹൈ-മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങുന്നതിനും അനുമതി നൽകി.
നാമിസ് നാഗ് മിസൈൽ സംവിധാനം ശത്രുക്കളുടെ യുദ്ധ വാഹനങ്ങൾ, ബങ്കറുകൾ, മറ്റ് പ്രതിരോധ സംവിധാനങ്ങൾ എന്നിവ തകർക്കാനുള്ള കരസേനയുടെ ശേഷി വർദ്ധിപ്പിക്കും. ശത്രുക്കളുടെ സിഗ്നലുകൾ 24 മണിക്കൂറും നിരീക്ഷിക്കാനും തന്ത്രപരമായ വിവരങ്ങൾ ശേഖരിക്കാനും ജിബിഎംഇഎസ് സഹായിക്കും. ഹൈ-മൊബിലിറ്റി വാഹനങ്ങളുടെ വരവ് വിവിധ ഭൂപ്രദേശങ്ങളിൽ സേനയ്ക്കുള്ള ലോജിസ്റ്റിക്സ് പിന്തുണ ഗണ്യമായി മെച്ചപ്പെടുത്തുമെന്നും സർക്കാർ പ്രസ്താവനയിൽ പറയുന്നു. ലാൻഡിങ് പ്ലാറ്റ്ഫോം ഡോക്കുകൾ (എൽപിഡി), 30 എംഎം നേവൽ സർഫസ് ഗൺ, അഡ്വാൻസ്ഡ് ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോ, ഇലക്ട്രോ-ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് സെർച്ച് ആൻഡ് ട്രാക്ക് സിസ്റ്റം, 76 എംഎം സൂപ്പർ റാപ്പിഡ് ഗൺ മൗണ്ടിനുള്ള സ്മാർട്ട് വെടിക്കോപ്പുകൾ എന്നിവ നാവികസേനയുടെ വാങ്ങൽ പട്ടികയിൽ ഉൾപ്പെടുന്നു.
കര, വ്യോമ സേനകളുമായി ചേർന്ന് സംയുക്ത ആക്രമണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇന്ത്യൻ നാവികസേനയ്ക്ക് ലാൻഡിങ് പ്ലാറ്റ്ഫോം ഡോക്കുകൾ വളരെ ഉപയോഗപ്രദമാകും. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) നേവൽ സയൻസ് ആൻഡ് ടെക്‌നോളജിക്കൽ ലബോറട്ടറി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു സംവിധാനമാണ് അഡ്വാൻസ്ഡ് ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോ. ഇതിന് പരമ്പരാഗത, ആണവ, മിഡ്ജറ്റ് അന്തർവാഹിനികളെ ലക്ഷ്യമിടാൻ കഴിയും. 30 എംഎം നേവൽ സർഫസ് ഗണ്ണുകൾ നാവികസേനയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും ശേഷി വർദ്ധിപ്പിക്കും.
വ്യോമസേനയുടെ നിർദ്ദേശങ്ങളിൽ കൊളാബറേറ്റീവ് ലോങ് റേഞ്ച് ടാർഗെറ്റ് സാച്ചുറേഷൻ/ഡിസ്ട്രക്ഷൻ സിസ്റ്റം (CLRTS/DS) വാങ്ങുന്നതിന് ഡിഎസി അനുമതി നൽകി. ദൗത്യമേഖലയിൽ സ്വയം ടേക്ക്-ഓഫ് ചെയ്യാനും, ലാൻഡ് ചെയ്യാനും, നാവിഗേറ്റ് ചെയ്യാനും, ലക്ഷ്യം കണ്ടെത്താനും ഈ സംവിധാനത്തിന് കഴിയും.
india-military-hardware-acquisition-79000-crore
















