യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അടുത്തയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഏഷ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
രൂക്ഷമായ വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇരുവരുടെയും കൂടിക്കാഴ്ച സംബന്ധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് വിരാമമിട്ടുകൊണ്ടാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടുമെന്നും ജപ്പാൻ, ദക്ഷിണ കൊറിയ സന്ദർശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ഏഷ്യ – പസഫിക് ഉച്ചക്കോടിയെ അഭിസംബോധന ചെയ്തതിനുശേഷം ചൈനീസ് പ്രസിഡന്റെ ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും കരോലിൻ അറിയിച്ചു.
ഒക്ടോബർ ആദ്യവാരം പൊട്ടിപുറപ്പെട്ട യുഎസ് – ചൈന വ്യാപാര യുദ്ധത്തെ തുടർന്ന്, ചൈനയ്ക്കു മേൽ തീരുവ നടപടികളുണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ചൈനയുമായി വ്യാപാര കരാറിനുള്ള സാധ്യതകൾ അടുത്തിടെയായി കാണപ്പെടുകയും ചെയ്തിരുന്നു.
















