പാര്‍ട്ടിയുടെ എതിർപ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. കൂടിയാലോചന ഇല്ലാത്ത നടപടി മുന്നണി മര്യാദകളുടെ ലംഘനമെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ഇന്ന് ചേരുന്ന സിപിഐ അടിയന്തര സെക്രട്ടറിയേറ്റ് യോഗം തുടർ നീക്കങ്ങൾ ചർച്ച ചെയ്യും. സിപിഎം സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്.
പ്രധാന ഘടകകക്ഷിയായ സിപിഐ യുടെ എതിർപ്പ് അവഗണിച്ചാണ് പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ചേർന്നത്. കൂടിയാലോചന പോലും നടത്താതെ എന്ത് മുന്നണി സംവിധാനം എന്നതാണ് സിപിഐയുടെ ചോദ്യം. പദ്ധതി നടപ്പിലാക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സംസ്ഥാന കൗൺസിലിന് ഉറപ്പും നൽകിയതാണ്. സമ്മർദം തുടരുന്നതിനിടെ ആലോചനകൾ പോലും ഇല്ലാതെ വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിൽ ഒപ്പുവച്ചത് രണ്ടാം കക്ഷി എന്ന പരിഗണന പോലും ഇല്ലാതെയാണ് എന്ന കടുത്ത അമർഷത്തിലാണ് സിപിഐ.
സിപിഐഎം കേന്ദ്രനേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ. ഇടത് നയത്തില്‍ നിന്നും സിപിഐഎം വ്യതിചലിച്ചുവെന്നാണ് സിപിഐ നേതാക്കളുടെ അഭിപ്രായം. ഇടത് നയം ഉയര്‍ത്തിപിടിക്കേണ്ടത് സിപിഐയുടെ മാത്രം ബാധ്യതയല്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും. കടുത്ത തീരുമാനത്തിന് സാധ്യത.
ഇന്നലെയാണ് പിഎം ശ്രീയില്‍ ചേരാനുള്ള ധാരണപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിനായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കേരളം മാറിയതോടെ 1500 കോടി രൂപ ഉടന്‍ സംസ്ഥാനത്തിന് ലഭിക്കും. കേരളം പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം പിന്തുടരേണ്ടി വരും.
















