ആലപ്പുഴ: അമേരിക്കക്ക് കീഴ്പ്പെട്ടാണ് നരേന്ദ്രമോദി ഇന്ത്യ ഭരിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ട്രംപിന്റെയും ആധിപത്യം ലോകത്ത് ബലപ്പെടുത്തുന്നതിൽ മോദി സഹകരിക്കുന്നുവെന്നും സിപിഎം ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. പുന്നപ്ര-വയലാർ രക്തസാക്ഷി വാർഷികവാരാചരണത്തിന്റെ ഭാഗമായി പുന്നപ്രയിലെ പരിപാടികൾക്ക് സമാപനംകുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രിക്കെതിരെ എംഎ ബേബി രൂക്ഷ വിമർശനം ഉയർത്തിയത്.
പുന്നപ്ര–വയലാർ സമരസേനാനികൾ ഉയർത്തിയ ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യത്തിന് പുതിയ രാഷ്‌ട്രീയ പ്രാധാന്യമുള്ള കാലമാണിതെന്ന് എം എ ബേബി പറഞ്ഞു. സർ സിപിയുടെ അമേരിക്കൻ മോഡലിനെ അനുകൂലിച്ച സവർക്കറുടെ ശിഷ്യനായ മോദിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. സംഘപരിവാറിന്റെ കണ്ണിൽ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും പിന്നാക്കസമുദായങ്ങളും രാജ്യത്തിന്റെ ശത്രുക്കളാണ്. തരംകിട്ടുമ്പോൾ പിന്നാക്കവിഭാഗങ്ങളെ കടന്നാക്രമിച്ച് മനുസ്മൃതി നടപ്പാക്കാനാണ് ശ്രമം.
ജാതിയെന്നത് ന്യൂനപക്ഷവിരുദ്ധത മാത്രമല്ല, സവർണ മേൽക്കോയ്മ കൂടി ശക്തിപ്പെടുത്തുന്നതാണ്. ഇതു മറികടക്കണമെങ്കിൽ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സ്വാധീനം ഇന്ത്യയിലൊട്ടാകെ പലമടങ്ങ് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
















