തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ വിദ്യാഭ്യാസ പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ സിപിഐ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നു. പാർട്ടി നേതൃത്വത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇതിൽ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത നിലപാടുകൾ സ്വീകരിക്കണമെന്ന ആവശ്യം സിപിഐയിൽ ശക്തമാണ്.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, വിഷയം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ട നടപടി അംഗീകരിക്കാൻ കഴിയില്ലെന്നാണ് സിപിഐയിലെ പൊതുവികാരം. മുന്നണി മര്യാദകൾ ലംഘിക്കപ്പെട്ടത് ഒരു ആയുധമാക്കി സിപിഎം നേതൃത്വത്തിനെതിരെ പോരാട്ടം ശക്തമാക്കാനാണ് സിപിഐയുടെ നീക്കം.
മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുന്ന കാര്യങ്ങൾ പാർട്ടി നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണ്. കൂടാതെ, സിപിഎം ദേശീയ നേതൃത്വത്തെ ഈ വിഷയത്തിൽ പ്രതിഷേധം അറിയിക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. ഇടതുപക്ഷ കക്ഷികളുടെ കെട്ടുറപ്പിന് കോട്ടം വരുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഐ ആരോപിക്കുന്നു.
‘പിഎം ശ്രീ’ പദ്ധതി അംഗീകരിച്ച സർക്കാർ നിലപാടിനെതിരെ സിപിഐ കേന്ദ്ര നേതൃത്വത്തെ മുൻനിർത്തി ശക്തമായ എതിർപ്പ് ഉയർത്താനാണ് നീക്കം. ഇന്ന് ചേരുന്ന സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റിന്റെ ഔദ്യോഗിക അജണ്ടയിൽ ഈ വിഷയം ഇല്ലെങ്കിലും ചർച്ചക്ക് വന്നേക്കുമെന്നാണ് സൂചന. പദ്ധതിയെക്കുറിച്ച് കേന്ദ്ര നേതൃത്വം ചർച്ച ചെയ്യാനിരിക്കുന്നതേയുള്ളൂ എന്ന് നേരത്തെ സിപിഐ എംപി സന്തോഷ് കുമാർ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സിപിഎമ്മിന്റെ വിശദീകരണം ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നു.
















