വഴി നടക്കാനും, പഠിക്കാനും, മാറു മറയ്ക്കാനും, കല്ലുമാല പൊട്ടിച്ചെറിയാനും, ജാതി ഭ്രഷ്ട് തടയാനുമൊക്കെ രാജ്യം ഭരണഘടനയുടെ പിന്‍ബലത്തോടെയും നവോത്ഥാനത്തിന്റെ ശക്തി കൊണ്ടും ദളിത് ആദിവാസി വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍, രാജ ഭരണകാലത്തുള്ള അതേ ഉച്ചനീചത്വങ്ങള്‍ എല്ലാ മേഘലയിലും ഇപ്പോഴുമുണ്ട്. അതിന്റെ രൂപവും ഭാവവും മാറിയെന്നേയുള്ളൂ. വടക്കേയിന്ത്യയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരെ കാണുന്നത് ചതുര്‍ത്ഥിയാണെന്ന് കരുതുന്ന തമ്പ്രാക്കള്‍ ഇപ്പോഴുമുണ്ട്. മണ്ണില്‍ പണിയെടുക്കുകയല്ലാതെ മറ്റൊന്നിനും യോഗ്യരല്ലെന്നും, ഭൂസ്വത്തുക്കള്‍ ഉണ്ടാകാന്‍ പാടില്ലെന്നും നിഷ്‌ക്കര്‍ഷിക്കുന്നവര്‍. കേരളത്തിലും ഇതിന്റെ നവോത്ഥാന പതിപ്പുണ്ട്. പക്ഷെ, കാണാനാകില്ല, അനുഭവിക്കാനാകും.
അതാണ് കേരളത്തിലെ നവോത്ഥാന ജാതിയിസം. പേരിന്റെ പിന്നാമ്പുറത്തെ വാലും, വാലുള്ള വീടുകളിലെ ചിട്ടകളും, ചിട്ടകള്‍ക്കൊത്ത സമൂഹിക ഇടപെടലുകളും, രാഷ്ട്രീയ ചിന്തയും, മതപരമായ ആചാരങ്ങളുമെല്ലാം ഇതിന്റെ തുടര്‍ച്ചയോ ഉച്ചിഷ്ടങ്ങളോ ആണ്. പണ്ടുള്ളതൊന്നും ഈ നൂറ്റാണ്ടിലും പൂര്‍ണ്ണമായി തള്ളിക്കളയാന്‍ കഴിയാത്ത മനോഭാവം. നവോത്ഥാനം ഉണ്ടായത്, ഉന്നതകുല ജാതരെ, മാനുഷികതയുടെയും സമത്വത്തിന്റേയും മതേതരത്വത്തിന്റേയും സാക്ഷരത പഠിപ്പിച്ചിട്ടല്ല എന്നോര്‍ക്കണം. കീഴ്ജാതിക്കാരനെ ചെറുത്തു നില്‍ക്കാന്‍ പ്രേപിപ്പിച്ചിട്ടാണ്. അതായത്, സ്വാതന്ത്ര്യം വേണമെങ്കില്‍ പ്രതിരോധിക്കുകയേ നിര്‍വൃത്തിയുള്ളൂ എന്ന് പഠിപ്പിച്ചിട്ട്.
അവന്റെ ജാതിയും, അവന്റെ നിറവും, അവന്റെ കുലവും, അവന്റെ ജോലിയുമെല്ലാം ഈ രാജ്യത്തിന്റെ അവകാശങ്ങളില്‍പ്പെടുന്ന ഒന്നാണെന്ന് ബോധ്യപ്പെടുത്തിയിട്ടാണ്. അല്ലാതെ, തമ്പ്രാക്കന്‍മാരും, ജന്‍മിമാരും, മേലാളന്‍മാരുമെന്ന് സമൂഹം കണ്ടവര്‍ സ്വയം മാറിയതു കൊണ്ടല്ല എന്നത് മറക്കരുത്. അവര്‍ ഇന്നും ജാതിവാല്‍ പേരിനൊപ്പം ചേര്‍ത്തുകൊണ്ടേ ഇരിക്കുന്നു. തലമുറകളെ ജാതി മറക്കാതെ സൂക്ഷിക്കാന്‍ പഠിപ്പിക്കുന്നു. ഭൂമിയും, അധികാരവും നമുക്കു മാത്രമുള്ളതാണെന്നു പഠിപ്പിക്കുന്നു. കൂടെയുള്ളവരുടെയും കൂടെവരുന്നവരുടെയും ജാതി ചോദിക്കാതെ തിരിച്ചറിയാന്‍ പഠിപ്പിക്കുന്നു. അതിന്, അവര്‍ക്ക് നിറവും ഭാഷയും, വേഷവുമെല്ലാം വിലയിരുത്താനുള്ള കഴിവുണ്ടാക്കിക്കൊടുക്കുന്നു. പൊതു സമൂഹത്തില്‍ അവരെ വേഗത്തില്‍ തിരിച്ചറിയാന്‍ ഇടങ്ങളൊരുക്കുന്നു(കോളനികള്‍).
നവോത്ഥാനം കൊണ്ടുവന്നതു പോലും ജന്‍മിമാരുടെ കുടുംബങ്ങളിലുള്ളവരുടെ പ്രയത്‌നം കൊണ്ടാണെന്ന് പഠിപ്പിക്കുന്നു. നമ്മുടെ ദാനമാണ് ദളിതര്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് അരക്കിട്ടുറപ്പിക്കുന്നു. ഇന്നും, രാഷ്ട്രീയ നേതൃത്വങ്ങളിലും, അധികാര കസേരകളിലും, ഉദ്യോഗസ്ഥ ശ്രേണിയിലുമെല്ലാം ജാതിവാലും തൂക്കിയിട്ട് തമ്പ്രാക്കന്‍മാരും അവരുടെ ശിങ്കിടികളും മാത്രം ഇരിക്കുന്നു. നിയമം നിര്‍മ്മിക്കുന്നതും, അത് അനുസരിപ്പിക്കുന്നതും അവരാണ്. താഴ്ന്ന ജാതി എന്നത്, മാറ്റി ന്യൂനപക്ഷം, ദളിതര്‍ എന്നാക്കി മാറ്റിയെങ്കിലും ഇടപെടലുകള്‍ക്കൊന്നും മാറ്റമുണ്ടായിട്ടില്ല. ഒരു പട്ടിയെ തല്ലിക്കൊന്നാല്‍ ചോദിക്കുന്ന ഈ നാട്ടില്‍, ഒരു മനുഷ്യനെ പട്ടിയെപ്പോലെ തല്ലിക്കൊന്നിട്ട് ചോദിക്കാന്‍ പരിമിതികളുണ്ടെന്ന് മറക്കരുത്. അതും ദളിതന്റെ ചോരയ്ക്ക് വിലയില്ലാത്ത കാലത്ത്.
ദളിതന്റെ സ്‌നേഹവും പ്രണയവും അന്യ മതത്തിലേക്കോ, ജാതിയിലേക്കോ നീണ്ടാല്‍ മരണം ഉറപ്പാണ്. അങ്ങനെ തല്ലിക്കൊല്ലുന്ന നാടായി മാറിയില്ലേ. ക്ഷേത്രപ്രവേന വിളമ്പരം കഴിഞ്ഞിട്ട് കാലമെത്ര കടന്നു പോയിരിക്കുന്നു. എന്നിട്ടും, ഏതൊക്കെ ക്ഷേത്രത്തിലാണ് പൂജാരിമാരായും തന്ത്രിമാരായും ദളിത് വിഭാഗത്തിലുള്ളവര്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രങ്ങളെല്ലാം ഒരു വിഭാഗത്തിന്റെ കുത്തകയാണോ. അതോ ക്ഷേത്രങ്ങളിലെ ജോലികള്‍ അവര്‍ ചെയ്താലേ ശരിയാവുകയുള്ളോ. ഇങ്ങനെ സെലക്ടീവ് നവോത്ഥാനത്തിന്റെ പേരും പറഞ്ഞ് നടക്കുന്നവര്‍ പറയണം, ദളിതര്‍ക്ക് ഭൂമിയുടെ മേല്‍ ഉടമസ്ഥാവകാശം പോലും ഉണ്ടായത് എന്നുമുതലാണ്. അതിനു മമ്പ് എന്തായിരുന്നു അവരുടെ അവസ്ഥയെന്ന്.
സാമൂഹിക മാറ്റം ഉണ്ടാകേണ്ടത്, മറ്റുള്ളവര്‍ക്കാണ്. സ്വയം മലിനമാകാതെ ശുദ്ധീകരിക്കപ്പെടണം. അല്ലാതെ, ദളിതനോട് നാഴികയ്ക്കു നാല്‍പ്പതു വട്ടം, നിങ്ങള്‍ ഉയര്‍ന്നു വരണം എന്ന് പറയുകയല്ല വേണ്ടത്. ഇപ്പോഴും നോക്കൂ, കേരളത്തിലെ എത്ര ദളിതരുടെ കൈയ്യിലാണ് ഭൂസ്വത്തുക്കള്‍ ഉള്ളതെന്ന്. പാട്ടഭൂമിയും പുറമ്പോക്കു ഭൂമിയിലും നിന്ന് ദളിതര്‍ അഞ്ചുസെന്റിലേക്കും, പന്ത്രണ്ടു സെന്റിലേക്കുമൊക്കെ മാറിയിട്ട് കാലം കുറച്ചേ ആയിട്ടുള്ളൂ. അതും ജനാധിപത്യ സംവിധാനം വന്നതിനു ശേഷമാണെന്ന് ഓര്‍ക്കണം. അതും സ്വന്തം ഭൂമിയാണെന്ന് പറയാനാകില്ല. ദാനം കിട്ടിയതാണെന്ന് എപ്പോഴും ഉരുവിടുകയും, അതിന്റെ പേരില്‍ ഒപ്പം നില്‍ക്കുകയും വേണം. ഇതാണ് രാജ്യത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇടുന്ന തിട്ടൂരം.
ഒപ്പമില്ലെങ്കില്‍, കിട്ടിയ ഭൂമിയില്‍ സൈ്വരമായി കിടന്നുറങ്ങാന്‍ അനുവദിക്കില്ല. സാമൂഹിക അസമത്വങ്ങളുടെ കെട്ടുപാടുകളില്‍ മുറുക്കി ശ്വാസം മുട്ടിക്കും. അങ്ങനെ സ്വയം ആത്മഹത്യ ചെയ്യുകയോ, കൊല്ലുകയോ ചെയ്യും. ഇങ്ങനെ അവനവന്‍ പോലുമറിയാതെ കൊന്നെടുക്കുന്ന ഇന്നത്തെ ജാതിവാലുകാരാണ്, ജാതിയെന്നും, മതമെന്നും പറഞ്ഞ് ദളിതനെ അകറ്റി നിര്‍ത്തുന്നത്. നോക്കൂ, ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെ ശബരിമല കയറ്റം ഒരര്‍ത്ഥത്തില്‍ ആധുനിക നവോത്ഥാനത്തിന്റെ ഭാഗം തന്നെയാണ്. കാരണം, ഒരു വനിത, അതും ആദിവാസി ഗോത്ര വിഭാഗത്തിലെ വനിതയാണ് മുര്‍മു. അവര്‍ പതിനെട്ടു പടികള്‍ ചവിട്ടി കയറുമ്പോള്‍ ജാതിവാലും തൂക്കിയിട്ട് മാറി നിന്നവര്‍ എത്രപേരാണ്.
അവരെല്ലാം ദ്രൗപതി മുര്‍മു എന്ന വനിതയെയല്ല, അവരുടെ പദവിയെ മാത്രമാണ് അംഗീകരിക്കുന്നത്. എന്നാല്‍, ദ്രൗപതി മുര്‍മുവിനു പകരം മറ്റാരെങ്കിലും ആയിരുന്നുവെങ്കില്‍ പദവിയെപ്പോലെത്തന്നെ വ്യക്തിയെയും ആദരവോടെ കണ്ടേനെ. അതാണ് ജാതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍.എസ്. ഗവായിയെ ഷൂ ഊരി എറിഞ്ഞത് മറക്കാനാവില്ല. അതൊരു ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിക്കു നേരെയാണ് ഉണ്ടായത്. ചീഫ് ജസ്റ്റിസ് എന്ന പദവിക്കപ്പുറം ദളിത് എന്ന വിഭാഗത്തിന്റെ മേലുള്ള കടന്നുകയറ്റം കൂടിയാണത്.
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ വീട്ടുജോലിക്കു നിന്ന ഒരു സ്ത്രീയെ കള്ളിയാക്കി, സ്റ്റേഷനില്‍ ഇരുത്തി കുടിവെള്ളം പോലും നിഷേധിച്ചില്ലേ. അത് അവര്‍ ഒരു ദളിത് സ്ത്രീ ആയതു കൊണ്ടുമാത്രമാണ്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ അവരെ പീഡിപ്പിച്ചവര്‍ക്കെല്ലാം തിരുത്താനുള്ള ശിക്ഷമാത്രം. പ്രായശ്ചിത്ത ശിക്ഷ കഴിഞ്ഞാല്‍ വീണ്ടും അതേ കസേരയില്‍ അവരോധിക്കപ്പെടും. അതേ ഉദ്യോഗസ്ഥന്റെ കൈയ്യില്‍ വീണ്ടും ഒരു ദളിത് വിഷംയ വന്നാല്‍, എല്ലാ ദേഷ്യവും അയാള്‍ വീണ്ടും തീര്‍ക്കും. ഇതാണ് പേരൂര്‍ക്കട കേസില്‍ വരാനിരിക്കുന്ന ആപത്ത്. അതേസമയം, കേരളത്തില്‍ എത്രയോ വനിതകള്‍
സര്‍ക്കാരിനെപ്പോലും അട്ടിമറിച്ചിരിക്കുന്നു. സാരിത്തുമ്പില്‍ കെട്ടിയിട്ടും, മന്ത്രി മന്ദിരങ്ങളുടെ അടുക്കളപ്പുറങ്ങളിലും, സ്പീക്കറുടെ മുറിയിലും, മുഖ്യമന്ത്രിയുടെ ഓഫീസ് തിണ്ണകളിലും . അവരുടെയൊക്കെ പ്രിവിലേജ് ജാതിവാലാണ്. അതുമാത്രം കൊണ്ട് ജയിലറകളിലും പൊതു ഇടങ്ങളിലും അവര്‍ക്ക് ലഭിച്ചിരിക്കുന്ന മാന്യത, എന്തുകൊണ്ടാണ് കള്ളം ചെയ്യാത്ത ആ സ്ത്രിക്കു കിട്ടിയില്ല. അതാണ് നമുക്കു കാണാന്‍ കഴിയാത്ത, എന്നാല്‍, അനുഭവിക്കാന്‍ കഴിയുന്ന ജാതി.
CONTENT HIGH LIGHTS; “Caste-tail” scoundrels, will untouchability change?: Casteism, which cannot be seen but can be felt, still exists today; does it continue despite throwing shoes, slapping people without warning, and slapping them without warning?
















