ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ സിപിഐ അതൃപ്തി വകവെക്കാതെ ഒപ്പുവെച്ച സർക്കാർ തീരുമാനത്തിൽ പ്രതികരിച്ച് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം അഡ്വ പ്രകാശ് ബാബു.
ഇന്ന് നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും നയപരമായ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഉദ്യോഗസ്ഥരല്ലെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐയുടെയും സിപിഐഎമ്മിന്റെയും നയത്തിന് വിരുദ്ധമായാണ് തീരുമാനമെടുത്തത്. നയപരമായ കാര്യത്തിൽ ഗവൺമെന്റ് സെക്രട്ടറി ഒപ്പിടാൻ പാടില്ലാത്തതാണ്. അത് എങ്ങനെ സംഭവിച്ചു വെന്നത് യോഗം ചർച്ച ചെയ്യും. സിപിഐയും സിപിഐഎമ്മും എൻഇപിയിൽ നിലപാട് എടുത്തിട്ടുള്ളതാണ്. രണ്ട് പാർട്ടികളും പാർട്ടി കോൺഗ്രസുകളിൽ ഈ നയം വ്യക്തമാക്കിയിട്ടുള്ളതാണ്.
നയത്തെ എതിർക്കുന്ന രണ്ട് പാർട്ടികൾ നേതൃത്വം നൽകുന്ന ഒരു സർക്കാരിൽനിന്നുള്ള ഒരു ഗവൺമെന്റ് സെക്രട്ടറി മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചെങ്കിൽ അതിൽ ചർച്ച ചെയ്ത് തീരുമാനമുണ്ടാകും. ഉദ്യോഗസ്ഥ തലത്തിൽ അത്തരമൊരു തീരുമാനമെടുക്കാൻ പാടില്ല. നയപരമായ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഉദ്യോഗസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു.
















