ഇന്ന് പലരുചിയിലും വെറൈറ്റി ലുക്കിലുമെല്ലാം പായസം തയാറാക്കാറുണ്ട്. ഫ്രൂട്ട്സടക്കം പച്ചക്കറികൾ കൊണ്ടും പായസം തയാറാക്കാറുണ്ട്. ഓണത്തിന് ഒരു വെറൈറ്റി പായസം രുചി പരീക്ഷിച്ചാലോ? രുചിച്ചവർ തീർച്ചയായും ഇതിന്റെ പാചകക്കുറിപ്പ് ചോദിക്കും. മാമ്പഴ പ്രഥമനാണ് തയാറാക്കുന്നത്.
ഉരുളി ചൂടാകുമ്പോൾ മൂന്ന് സ്പൂൺ നെയ്യ് ചേർക്കണം. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ മധുരമുള്ള മാമ്പഴം ചേർത്ത് നന്നായി വഴറ്റാം. ഒത്തിരി വഴന്ന് പോകാതെ നോക്കണം. അതിലേക്ക് ഒരു ബൗൾ ശർക്കര പാനിയാക്കിയത് ചേർത്ത് നന്നായി യോജിപ്പിക്കണം. മാമ്പഴവും ശർക്കരപാനിയും കുറുക്കിയെടുക്കണം. തിളച്ച് വരുമ്പോൾ തേങ്ങയുടെ രണ്ടാംപാൽ ചേർക്കാം.
നന്നായി ഇളക്കിക്കൊടുക്കണം. അതിലേക്ക് കുതിർത്ത ചൗവ്വരി ഒരു ബൗൾ ചേർത്ത്, എല്ലാംകൂടി യോജിപ്പിക്കാം. നല്ലവണ്ണം തിളച്ച് കഴിയുമ്പോൾ ഒരു നുള്ള് ജീരകപ്പൊടിയും കാൽ ടീസ്പൂൺ ചുക്കുപ്പൊടിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കണം. ശേഷം തീ അണയ്ക്കാം.
അതിലേയ്ക്ക് തേങ്ങയുടെ ഒന്നാംപാൽ ചേർത്ത് ഇളക്കി മാറ്റിവയ്ക്കാം. ഇനി പായസത്തിലേക്ക് തേങ്ങാക്കൊത്തും അണ്ടിപരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തുകോരി ഇടാം. ആഹാ ഗംഭീര രുചിയാണ് മാമ്പഴ പ്രഥമന്. തീർച്ചയായും ഇത്തവണ ഓണസദ്യയ്ക്ക് മാമ്പഴ പ്രഥമൻ തയാറാക്കാം.
















