കോട്ടയം പാലായിലെ രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുകയാണ്. രാഷ്‌ട്രപതി പോകുന്നതിന്റെ ഭാഗമായി വാഹന നിയന്ത്രണം ഏർപ്പെടുത്തിയ റോഡിലൂടെയായിരുന്നു മൂന്ന് യുവാക്കളുടെ ബൈക്ക് ഷോ. ബൈക്കിന്റെ മുമ്പിൽ ഇരുന്ന വ്യക്തിക്ക് മാത്രമേ ഹെൽമെറ്റ് ഉണ്ടായിരുന്നുള്ളു. പോലീസ് തടയാൻ ശ്രമിച്ചെക്കിലും യുവകൾ പോലീസിനെ വെട്ടിച്ച പാഞ്ഞു പോകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഏറെ ചർച്ചയായിരിക്കുകയാണ്. രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് ജില്ലയിൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.
രാഷ്ട്രപതി സന്ദർശിക്കുന്ന സ്ഥലങ്ങളെ 5 സോണുകളായി തിരിച്ച് 2 ഡിഐജിമാരുടെ നേതൃത്വത്തിൽ 7 ജില്ലാ പൊലീസ് മേധാവികൾക്കായിരുന്നു സുരക്ഷാച്ചുമതല. 1500ഓളം സായുധ പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി എത്തിച്ചിരുന്നത്. ഇതിൽ 200 ഓളം പേർ മഫ്തിയിലുണ്ടായിരുന്നു എന്നിട്ടും മൂന്ന് യുവകളുടെ ഈ റോഡ് ഷോ ഏറെ വിവാദമാകുകയാണ്. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി കോട്ടയത്തെത്തിയത്.
കുമരകത്താണ് രാഷ്ട്രപതി താമസിച്ചത്.കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പാലായിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാലാ– ഏറ്റുമാനൂർ റോഡിൽ പാലാ ജനറൽ ആശുപത്രി ജംക്‌ഷനും മുത്തോലിക്കും ഇടയിൽ കർശന നിയന്ത്രണമാണ് ഉണ്ടായിരുന്നത്. ഇതു വഴി പോകേണ്ട വാഹനങ്ങൾ എല്ലാം വഴി തിരിച്ചു വിട്ടിരുന്നു. ഇതിനിടയിലാണ് യുവാക്കൾ നിയന്ത്രണം ലംഘിച്ച് ബൈക്കിലെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















