റിയാലിറ്റി ഷോ താരം കിം കർദാഷിയാന് ബ്രെയിൻ അന്യൂറിസം സ്ഥിരീകരിച്ചു. ‘ദി കർദാഷിയാൻസ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹമോചനത്തിന് ശേഷമുള്ള സമ്മർദ്ദമാണ് ഇതിന് കാരണമെന്ന് അവർ പറഞ്ഞു. ചെക്കപ്പിന്റെ ഭാഗമായി എംആർആഐ സ്കാൻ ചെയ്തപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്നും കിം വെളിപ്പെടുത്തി.
അമിതമായ സമ്മർദത്തിലൂടെ കടന്നുപോയതുകൊണ്ടാണ് തനിക്ക് അന്യൂറിസം വന്നതെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് കിം പറയുന്നു. ഭർത്താവ് കാന്യെ വെസ്റ്റുമായുള്ള വിവാഹമോചനം, ബിസിനസ് മേഖലയിലെ വെല്ലുവിളികൾ, പ്രശസ്തി, മാതൃത്വം തുടങ്ങിയവയൊക്കെ തന്റെ സമ്മർദം കൂട്ടിയ ഘടകങ്ങളാണെന്നും കിം പറയുന്നു.
സമ്മർദവും ബ്രെയിൻ അന്യൂറിസവും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും സമ്മർദമേറുക വഴി രക്തസമ്മർദത്തിൽ പെട്ടെന്ന് വർധനവുണ്ടാവുകയും ഇത് അന്യൂറിസത്തിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ സമ്മർദം കൂടുന്നതിലൂടെ രക്തസമ്മർദം പെട്ടെന്ന് ഉയരുന്നത് നേരത്തേ ബ്രെയിൻ അന്യൂറിസം സ്ഥിരീകരിച്ചവരിൽ രക്തക്കുഴലുകൾ പെട്ടെന്ന് പൊട്ടി അപകടകരമാവാനിടയാവും. സമ്മർദം ശരീരത്തിൽ വീക്കമുണ്ടാക്കുകയും രക്തക്കുഴലുകൾ തകരാറിലാക്കുകയും ചെയ്യും.
എന്താണ് അന്യൂറിസം?
മസ്തിഷ്കത്തിലെ രക്തക്കുഴലിൽ ചെറിയ കുമിളകൾ പോലെയും വീക്കം പോലെയും വരികയും അത് മൂലം മസ്തിഷ്‌കത്തിന് സമ്മർദമുണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ബ്രെയിൻ അന്യൂറിസം അല്ലെങ്കിൽ സെറിബ്രൽ അന്യൂറിസം എന്ന് അറിയപ്പെടുന്നത്. ഇതിലൂടെ രക്തക്കുഴലുകൾക്ക് ബലഹീനത സംഭവിക്കുകയും പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നതുവഴി മസ്തിഷ്കത്തിൽ രക്തസ്രാവം ഉണ്ടാവുന്നതാണ് അപകടകരമാകുന്നത്. ഇത്തരത്തിൽ റപ്‌ച്വേർഡ് അന്യൂറിസം ഉണ്ടാകുന്ന അമ്പത് ശതമാനം പേരും മരണത്തിന് കീഴടങ്ങുകയാണ് പതിവ്.
കാരണങ്ങൾ
അന്യൂറിസത്തിന്റെ യഥാർഥ കാരണം ഇപ്പോഴും വ്യക്തമല്ല. ബലക്കുറവുള്ള രക്തക്കുഴലുകളോടെ ജനിക്കുന്നവർക്ക് അന്യൂറിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ പറയുന്നത്. പുകവലി, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പ്രായമാവൽ, കുടുംബാംഗങ്ങളിൽ അന്യൂറിസം ഉള്ളവർ ഉള്ളത്, തലയ്‌ക്കേൽക്കുന്ന പരിക്ക് എന്നിവയും കാരണമാകാം.
ലക്ഷണങ്ങൾ
10 മില്ലിമീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള ചെറിയ അന്യൂറിസങ്ങൾക്ക് സാധാരണയായി ലക്ഷണങ്ങൾ ഉണ്ടാകാറില്ല. വലിയ അന്യൂറിസങ്ങൾക്ക് ക്ഷീണം, ഇരട്ടക്കാഴ്ച (Double vision), മുഖത്തിന്റെ ഒരു വശം കോടിപ്പോവുക, മുഖത്തിന് പ്രത്യേകിച്ച് കണ്ണിന്റെ പിന്നിലുള്ള വേദന എന്നിവയുണ്ടാകാം.
ഓക്കാനം, ഛര്‍ദ്ദി, കടുത്ത തലവേദന, കഴുത്ത് അനക്കാനാവാത്ത തരത്തിലുള്ള വേദന, വെളിച്ചത്തിലേക്ക് നോക്കാനാവാത്ത അവസ്ഥ, അബോധാവസ്ഥയിലാവൽ, സന്നി, ഹൃദയാഘാതം, പുറംഭാഗത്തും അടിവയറിലുമുള്ള വേദന, അമിതക്ഷീണം,ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, കഴുത്തിലെ വീക്കം തുടങ്ങിയവയും ഉണ്ടാകാം.
എങ്ങനെ തിരിച്ചറിയാം ?
സെറിബ്രൽ ആൻജിയോഗ്രാഫി, സി.ടി. സ്‌കാൻ, എം.ആർ.ഐ. സ്‌കാൻ, സെറിബ്രോസ്‌പൈനൽ ഫ്‌ളൂയിഡ് അനാലിസിസ് എന്നിവ വഴി രോഗം നിർണയിക്കാം.
പരിശോധനയിലൂടെ അന്യൂറിസം ഉണ്ടെന്ന് സ്ഥിരീകരിച്ചാൽ ഡോക്ടറെ കണ്ട് വിദഗ്ധ പരിശോധന നടത്തുകയും ഇടയ്ക്കിടെ സ്ഥിതി വിലയിരുത്തുകയും വേണം. പുകവലി ഉപേക്ഷിക്കൽ, രക്തസമ്മർദവും കൊളസ്ട്രോളും ഷുഗറും നിയന്ത്രിക്കൽ, അമിതവണ്ണമുള്ളവർ അത് കുറയ്ക്കൽ, ചിട്ടയായ ജീവിതരീതി നയിക്കൽ തുടങ്ങിയവ പാലിക്കണം.
















