തിരുവനന്തപുരം ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ വടകര മണ്ണൂർകാര സ്വദേശിനി അസ്മിന (35) കൊല്ലപ്പെട്ട സംഭവത്തിൽ, ഒപ്പം താമസിച്ചിരുന്ന ആലപ്പുഴ കാർത്തികപ്പള്ളി ദേവികുളങ്ങര പുതുപ്പള്ളി സൗത്തിലെ ജെ.ബി. വില്ലയിൽ ജോബി ജോർജിനെ (റോയി – 32) പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ടൗൺ എസ്.ഐ. സജി ഷിനോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച വൈകിട്ട് പ്രതിയെ പിടികൂടിയത്.
മാവേലിക്കരയിലെ ഒരു ലോഡ്ജിൽ ജോബി ജോലി നോക്കുമ്പോളാണ് മൂന്ന് മാസം മുൻപ് ഇരുവരും പരിചയത്തിലാകുന്നത്. അവിടെ പാചകക്കാരിയായിരുന്നു അസ്മിന. ഇരുവരും പ്രണയത്തിലാവുകയും തുടർന്ന് കായംകുളം, മാവേലിക്കര എന്നിവിടങ്ങളിൽ ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. അസ്മിന വിവാഹബന്ധം വേർപെടുത്തിയവരും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പിണങ്ങി മാറിയതിന് ശേഷം അസ്മിനക്ക് ജോബിയെ പറ്റി അറിവ് ഒന്നും ഇല്ലായിരുന്നു തുടർന്ന് സുഹൃത്തിൽ നിന്ന് ലഭിച്ച തുടർന്നാണ് അസ്മിന ആറ്റിങ്ങൽ മൂന്നുമുക്കിലെ ലോഡ്ജിൽ എത്തുന്നത്. ഒരു ആഴ്ച മുൻപ് ആറ്റിങ്ങലിലെ ലോഡ്ജിൽ ക്ലീനിംഗ് സ്റ്റാഫായി ജോലിക്ക് പ്രവേശിച്ച ജോബി, ചൊവ്വാഴ്ച രാത്രിയാണ് അസ്മിനയെ ഭാര്യയെന്ന് പറഞ്ഞ് ലോഡ്ജിൽ എത്തിച്ചത്.
രാത്രി മദ്യപിച്ച ശേഷം ഇവർക്കിടയിൽ വഴക്കുണ്ടാവുകയായിരുന്നു. മുറിയിൽ പിടിവലി നടന്നതിന്റെ സൂചനകളും തകർന്ന ബീയർ കുപ്പിയും മുറിയിലെ രക്തക്കറകളും അടിപിടി നടന്നതിലേക്ക് വിരൽ ചൂണ്ടുന്നു. അസ്മിനയുടെ കൈകളിലും തലയിലും ശരീരഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം കഴുത്തിൽ തുണി ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്നാണ് തെളിഞ്ഞിരിക്കുന്നത്. ബീയർ കുപ്പികൊണ്ട് തലക്കടിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്നും സംശയിക്കുന്നു. വഴക്കിനിടെ പരുക്കേറ്റ ജോബി രക്തം പുരണ്ട വസ്ത്രങ്ങൾ ഉപേക്ഷിച്ച് ബുധനാഴ്ച പുലർച്ചെ നാലരയോടെ ലോഡ്ജിൽ നിന്നും കടന്നുകളഞ്ഞു.
ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രാവിലെ പതിനൊന്നോടെ പോലീസ് എത്തി അകത്തു കടന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കട്ടിലിൽ കണ്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ജോബി ബസ് സ്റ്റാൻഡിലെത്തി കായംകുളത്തേക്ക് പോയതായി കണ്ടെത്തി. തുടർന്ന് കായംകുളത്ത് നടത്തിയ തിരച്ചിലിലാണ് ഇയാൾ ട്രെയിനിൽ കയറിയതായി മനസ്സിലായത്. മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ജോബി.
പിടിയിലായപ്പോൾ അസ്മിന മരിച്ച വിവരം താൻ അറിഞ്ഞിട്ടില്ലെന്നാണ് ജോബി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ, ജോബിയുടെ ഇടതുകയ്യിലെ ആഴത്തിലുള്ള മുറിവ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ മുറിവ് അസ്മിന വെട്ടിയപ്പോൾ ഉണ്ടായതാണെന്നാണ് ജോബി പോലീസിനോട് പറഞ്ഞത്. പ്രതിയെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൈയ്യിൽ ആറ് തുന്നലുകൾ ഇടേണ്ടിവന്നു. പ്രതിയുമായി ആറ്റിങ്ങൽ പോലീസ് ലോഡ്ജിൽ തെളിവെടുപ്പിനെത്തി. ലോഡ്ജിന് സമീപം വലിച്ചെറിഞ്ഞ രക്തം പുരണ്ട വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. ജോബിയെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി. എസ്.മഞ്ജുലാൽ, പോലീസ് ഇൻസ്പെക്ടർ ജെ.അജയൻ, എസ്.ഐ. എം.ഐ.ജിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
















