ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായുള്ള പിഎംശ്രീ (PM SHRI) പദ്ധതിയിൽ പങ്കാളികളാകാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിച്ചു. സംസ്ഥാനത്തുടനീളം പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് കേരള സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് മന്ത്രാലയം ‘എക്സി’ലൂടെ സന്ദേശം പങ്കുവെച്ചത്.
പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഈ കരാറോടെ, സംസ്ഥാനത്തെ ഏകദേശം 150 ഓളം സ്‌കൂളുകൾ ‘പിഎം-ശ്രീ’ ആയി ഉയർത്തപ്പെടും. എന്നാൽ, ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചുള്ള പാഠ്യപദ്ധതി ഈ സ്‌കൂളുകൾ പിന്തുടരേണ്ടിവരും എന്നതാണ് പിഎം-ശ്രീ മാർഗരേഖയിലെ വ്യവസ്ഥ.
“ദേശീയ വിദ്യാഭ്യാസ നയം (NEP) 2020ന് അനുസൃതമായി, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്റൂമുകൾ, അനുഭവങ്ങളിലൂടെയുള്ള പഠനം, നൈപുണ്യ വികസനത്തിന് ഊന്നൽ എന്നിവ നൽകി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ, കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് ഇതൊരു വലിയ മുന്നേറ്റമാണ്,” കേന്ദ്ര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
നൂതനാശയങ്ങളെ പരിപോഷിപ്പിക്കാനും വിദ്യാർത്ഥികളെ ശോഭനമായ ഭാവിക്കായി ഒരുക്കാനും കഴിയുന്ന ഗുണമേന്മയുള്ളതും സമഗ്രവുമായ വിദ്യാഭ്യാസം നൽകാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൂട്ടിച്ചേർത്തു.
സർക്കാരിന് അകത്തും പുറത്തും സിപിഐ ഉൾപ്പെടെയുള്ളവർ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. മന്ത്രിസഭയിലും എൽഡിഎഫിലും ഉയർന്ന ഈ എതിർപ്പുകളെ വകവെക്കാതെയാണ് സംസ്ഥാന സർക്കാർ പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ ഒപ്പുവെച്ചത് എന്നതും ശ്രദ്ധേയമാണ്. എൻഇപി നടപ്പിലാക്കുന്നതിലെ ആശങ്കകളായിരുന്നു എതിർപ്പുകൾക്ക് പ്രധാന കാരണം. എന്നിരുന്നാലും, വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനായി സംസ്ഥാനം പദ്ധതിയുടെ ഭാഗമാവുകയായിരുന്നു. പിഎംശ്രീ പദ്ധതിയിലൂടെ, തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകൾ കാലഘട്ടത്തിനനുസരിച്ച് നവീകരിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
















