തങ്ങളുടെ എട്ടു മാസത്തെ പ്രയത്നവും 60000 രൂപ എന്ന തുക തളർത്താതെയും ഇലക്ട്രിക്ക് കാർ എന്ന ആശയം സാക്ഷാൽക്കരിച്ച് താരങ്ങളായിരിക്കുകയാണ് വെണ്ടാർ വിദ്യാധിരാജ മോഡൽ സ്കൂളിലെ രണ്ടു കുട്ടിശാസ്ത്രജ്ഞർ. വിഎച്ച്എസ്ഇ ഇലക്ട്രിക്കൽ ഡൊമസ്റ്റിക് സൊല്യൂഷൻസ് രണ്ടാം വർഷ വിദ്യാർഥികളായ കുണ്ടറ പേരയം നികുഞ്ജത്തിൽ നവീൻ കിഷോറും കുണ്ടറ മുക്കൂട് വലിയ കോണത്ത് മേലതിൽ എ.എസ്.അഭിമന്യവുമാണ് സ്കൂളിന് അഭിമാനമായി മാറിയിരിക്കുന്നത്.
സ്കൂളിലെ സ്കിൽ ടു വെഞ്ച്വർ ലാബിലെ ഉപകരണങ്ങളുപയോഗിച്ച് അഭിമന്യുവിന്റെ വീട്ടുമുറ്റത്തായിരുന്നു ‘സോളാറൈഡ്’ എന്നു പേരിട്ടിരിക്കുന്ന കാറിന്റെ നിർമാണം. ആക്രിക്കടകൾ കയറിയിറങ്ങി ശേഖരിച്ച സ്റ്റിയറിങ്ങും പഴയ ടയറുകളും ഇരുമ്പു പൈപ്പുകളും ഒക്കെയാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററിയും മോട്ടറും സോളർ പാനലും മാത്രം പുതിയതായി വാങ്ങി. ബിഎൽഡിസി മോട്ടർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഓൺലൈനായി വരുത്തി. പൂർണമായും വൈദ്യുതിയിലാണ് പ്രവർത്തനം. നിർത്തിയിടുമ്പോൾ സൗരോർജമുപയോഗിച്ചും സൂര്യപ്രകാശമില്ലെങ്കിൽ വൈദ്യുതി ഉപയോഗിച്ചും ചാർജ് ചെയ്യാം. ചാർജില്ലാതെ വഴിയിലാകില്ലെന്നു അർഥം.
3 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന രീതിയിൽ ആണ് നിർമാണം. 50 കി.മീറ്ററാണ് റേഞ്ച്. പവർ സ്റ്റിയറിങ്, പവർ ബ്രേക്ക്, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, മ്യൂസിക് സിസ്റ്റം ഉൾപ്പെടെയുള്ള ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ കാറിനെ ‘ഫീച്ചർ റിച്ച് ’ ആക്കുന്നു. വിഎച്ച്എസ്ഇ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. സ്കൂളിലെ സ്കിൽ ടു വെഞ്ച്വർ പദ്ധതിയുടെ പ്രൊഡക്‌ഷൻ മാനേജർമാരാണ് അഭിമന്യവും നവീൻ കിഷോറും. പഠനത്തിലും മുൻപന്തിയിലായ ഇവർ എൻഎസ്എസ് യൂണിറ്റിലെ സജീവാംഗങ്ങളുമാണ്. വെണ്ടാറിൽ നടന്ന ഉപജില്ലാശാസ്ത്രമേളയിൽ സയൻസ് വർക്കിങ് മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഈ കാറിനായിരുന്നു.സ്പോൺസർഷിപ് കിട്ടിയാൽ കൂടുതൽ റേഞ്ചും യാത്രക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്ന കാർ നിർമിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. പ്രവാസിയായ അശോകന്റെയും വീട്ടമ്മയായ സുരഭിയുടെയും മകനാണ് അഭിമന്യു. എ.കിഷോറിന്റെയും ഇതേ സ്കൂളിലെ അധ്യാപികയായ അഞ്ജന കിഷോറിന്റെയും മകനാണ് നവീൻ കിഷോർ
















