ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കമുള്ളവയാണ് നാരങ്ങ. ധാരാളം ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ, പ്രത്യേകിച്ച് വിറ്റാമിൻ സി, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദഹനം, ഭാരം നിയന്ത്രിക്കൽ, ഹൃദയാരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്ന നാരുകളും ഗുണം ചെയ്യുന്ന സസ്യ സംയുക്തങ്ങളും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. അതേപോലെ മനസും ശരീരവും റീഫ്രഷ് ആകാൻ നാരാങ്ങ വെള്ളം ബെസ്റ്റ് ആണ്.
നാരങ്ങ പിഴിഞ്ഞ നീര് എടുത്ത ശേഷം തോട് വലിച്ചെറിയുകയാണ് പലരുടെയും പതിവ്. എന്നാൽ നാരങ്ങയുടെ നീര് പോലെ തന്നെ പോഷകസമ്പുഷമാണ് അവയുടെ പുറംതോടും. മാത്രമല്ല, ചെറുനാരങ്ങയുടെ പുറംതോട് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ച് കേക്കിലും സാലഡുകളിലും സൂപ്പിലും ചേർക്കുന്നത് രുചിക്കും പോഷകസമ്പുഷ്ടമാക്കാനും സഹായിക്കും. മീൻ, ചിക്കൻ തുടങ്ങിയവ ക്ലീൻ ചെയ്തശേഷം കൈകളിലെ ദുർഗന്ധം അകറ്റാനും നാരങ്ങയുടെ പുറംതോട് ഉപയോഗിക്കാവുന്നതാണ്. അപ്പോഴിനി നാരങ്ങ പിഴിഞ്ഞ ശേഷം പുറംതോട് കളയാതെ ഉപയോഗപ്പെടുത്താം.
















