ദോഹ: വേൾഡ് ഏവിയേഷൻ ഫെസ്റ്റിവലിൽ മികച്ച എയർലൈൻ ആപ്പ് -25 പുരസ്‌കാരം ഖത്തർ എയർവേയ്‌സ് സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷൻ ടെക്നോളജി ഇവന്റായ വേൾഡ് ഏവിയേഷൻ ഫെസ്റ്റിവലിൽ ‘ബാറ്റിൽ ഓഫ് ദി എയർലൈൻസ് ആപ്‌സ്’ ഭാഗമായാണ് യാത്രക്കാരുടെ പ്രിയ എയർലൈൻ ആപ്പായി തെരഞ്ഞെടുക്കപ്പെട്ടത്.
യാത്രക്കാർ തെരഞ്ഞെടുത്ത ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ ആപ്പുകളെ യുസർ എക്സ്പീരിയൻസ്, മൊബൈൽ സർവിസ്, ഡിജിറ്റൽ നവീകരണം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു ജൂറി വിലയിരുത്തിയാണ് മികച്ച എയർലൈൻ ആപ്പിനെ തെരഞ്ഞെടുത്തത്. ഖത്തർ എയർവേയ്‌സ് ആപ്പിന്റെ ഡിജിറ്റൽ മികവിനും ഗുണമേന്മക്കുമുള്ള അംഗീകാരമാണിതെന്ന് സീനിയർ വൈസ് പ്രസിഡന്റ് ക്രിസ്റ്റോഫ് ഗിറ്റാർഡ് പറഞ്ഞു.
ലോകമെമ്പാടുമുള്ള 170ൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ എല്ലാ കാര്യങ്ങളും ആപ്പിലൂടെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. പരമ്പരാഗത ഫീച്ചറുകൾക്കപ്പുറം പതിവായി യാത്ര ചെയ്യുന്നവർക്കും പുതിയ യാത്രക്കാർക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത സേവനങ്ങളും ഇത് നൽകുന്നു. പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് നിർണയിക്കപ്പെട്ട ഉൽപന്നങ്ങൾക്ക് ഓട്ടോമേറ്റഡ് റീഫണ്ടുകൾ, അപ്‌ഡേറ്റുകളും മുന്നറിയിപ്പുകൾ അടക്കമുള്ള സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ ഖത്തർ എയർവേയ്‌സ് ആപ്പ് യാത്രയുടെ ഓരോ ഘട്ടത്തിലും യാത്രക്കാരന് മികച്ച അനുഭവം നൽകുന്നു.
ഡിജിറ്റൽ നവീകരണങ്ങളുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളും ഖത്തർ എയർവേയ്‌സ് ആപ്പിൽ ഉൾപ്പെടുന്നു. ബുക്കിങ് കൂടുതൽ മികച്ചതാക്കാൻ ലോകത്തിലെ ആദ്യത്തെ എ.ഐ കാബിൻ ക്രൂവായ സമയുമായി ഖത്തർ എയർവേയ്‌സ് ആപ്പ് കൈകോർത്തിട്ടുണ്ട്. ഇതുവഴി വോയിസിലൂടെയും ചാറ്റിലൂടെയും സംവദിച്ച്, യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചും ടിക്കറ്റ് നിരക്കുകളെക്കുറിച്ചും കാബിൻ, ഫ്ലൈറ്റ് ഓപ്ഷനുകളെക്കുറിച്ചും മനസ്സിലാക്കാം. ബിസിനസ് ക്ലാസ് യാത്രക്കാർക്ക് അവരുടെ ഓൺബോർഡ് മെനു കാണാനും നിർദേശങ്ങൾ നൽകാനും ഷെഫിന്റെ പ്രത്യേക വിഭവങ്ങളും നിർദിഷ്ട ഭക്ഷണങ്ങളും തിരഞ്ഞെടുക്കാനും സാധിക്കും.
















