കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85 ന്റെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു മാറ്റത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. തര്‍ക്കത്തിലുള്ള ദേശീയപാതാ പ്രദേശം വനഭൂമിയാണെന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വ്യക്തമാക്കിയ സര്‍ക്കാര്‍ സെപ്റ്റംബറില്‍ ഇത് വനഭൂമിയല്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വനപ്രദേശമാണെങ്കില്‍ അതു സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അതേസമയം, ഈ പ്രദേശത്തെ റോഡ് വികസനം പൊതുജനങ്ങള്‍ക്ക് ആവശ്യമാണെന്നും നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കുറച്ചു കൂടി ഗൗരവത്തോടെ നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കി.
ദേശീയപാത കടന്നുപോകുന്ന പ്രദേശം റവന്യൂ ഭൂമി ആണോ എന്നതില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കണം. സംരക്ഷിത വനഭൂമിയല്ലെങ്കില്‍ മാത്രം എന്‍എച്ച്എഐക്ക് നിര്‍മാണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വനം – റവന്യൂ വകുപ്പുകള്‍ സംയുക്തമായി അതിവേഗം തീരുമാനമെടുക്കണം. വിഷയം ഡിസംബര്‍ ഒന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രദേശം വനഭൂമിയാണെന്ന നിലപാട് വിവാദമായതോടെയാണ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ സ്ഥലം വനഭൂമിയാണെന്ന് കോടതി ഇടക്കാല ഉത്തരവിറക്കുകയും ചെയ്തു. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേശിയപാത അതോറിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നേര്യമംഗലം മുതല്‍ വാളറ വരെ റോഡ് വീതി കൂട്ടുന്നതിന്റെ വിശദമായ വിവരങ്ങള്‍ എന്‍എച്ച്എഐ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് ഇവിടം വനഭൂമിയാണോ അല്ലയോ എന്ന് രേഖകള്‍ പരിശോധിച്ച് ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. വനഭൂമിയല്ലെന്നാണ് കണ്ടെത്തുന്നതെങ്കില്‍ റവന്യൂ,വനം വകുപ്പുകള്‍ മുറിക്കേണ്ട മരങ്ങള്‍ ഏതൊക്കെയെന്ന് രേഖപ്പെടുത്തണം. ഈ മേഖലയിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികള്‍ക്കുള്ള നിര്‍ദേശവും നല്‍കണണെന്ന് ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ജോലികള്‍ മാത്രമേ ഇവിടെ ചെയ്യാവൂ എന്ന് ദേശീയപാത അതോറിറ്റിക്കും കോടതി നിര്‍ദേശം നല്‍കി.
Story Highlights : /kochi-dhanushkodi-national-highway-construction-the-kerala-high-court-expresses-dissatisfaction
















