സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന് പിന്നാലെ സിപിഐ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐയേക്കാള്‍ സിപിഐഎമ്മിന് ബിജെപിയാണ് പ്രധാനമെന്ന് വി ഡി സതീശന്‍ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം ഭരണമുന്നണിയിലെ കലഹം വ്യക്തമാക്കുന്നതാണെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു.
‘പ്രതിപക്ഷത്തെക്കാള്‍ രൂക്ഷമായാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ബിജെപിയുമായുള്ള അവിഹിത ബന്ധമാണ് ബിനോയ് വിശ്വം ഉദ്ദേശിച്ച ‘Something is wrong’. ദേശീയ വിദ്യാഭ്യാസ നയത്തില്‍ സിപിഐമ്മിന്റെ കേന്ദ്ര നിലപാട് വ്യക്തമാക്കട്ടെ. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതി അംഗീകരിക്കുമ്പോള്‍ നിബന്ധനകള്‍ ഉണ്ടായിരുന്നില്ല. നിബന്ധനകളെ എതിര്‍ത്ത് എഐസിസി രംഗത്ത് വന്നിരുന്നു’, വി ഡി സതീശന്‍ പറഞ്ഞു. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയെ പോലും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. നിതിൻ ഗഡ്കരിയുടെ വീട്ടില്‍ വച്ചാണോ നരേന്ദ്രമോദിയെ കാണുമ്പോഴാണോ തീരുമാനമെടുത്തതെന്ന് അദ്ദേഹം ചോദിച്ചു. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറന്നതാണോയെന്നും വി ഡി സതീശന്‍ പരിഹസിച്ചു.
പിഎം ശ്രീയില്‍ കടുത്ത രീതിയിലായിരുന്നു ഇന്ന് സിപിഐ പ്രതികരിച്ചത്. എല്‍ഡിഎഫിന്റെ ചരിത്രവും അതില്‍ സിപിഐയുടെ പ്രാധാന്യവും എടുത്തുപറഞ്ഞാണ് ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ‘പിഎം ശ്രീയെക്കുറിച്ച് ഇന്നലെ വൈകുന്നേരം മുതല്‍ നാമെല്ലാവരും അറിയുന്നുണ്ട്. പത്രവാര്‍ത്തകളല്ലാതെ പിഎം ശ്രീയെക്കുറിച്ചുള്ള എംഒയു എന്താണെന്നോ, ഇതില്‍ ഒപ്പിടുമ്പോള്‍ കേരളത്തിന് കിട്ടിയ വാഗ്ദാനമെന്താണെന്നോ ഉള്ള കാര്യങ്ങളില്‍ സിപിഐ ഇരുട്ടിലാണ്. സിപിഐക്ക് മാത്രമല്ല, എല്‍ഡിഎഫിലെ ഓരോ പാര്‍ട്ടിക്കും അത് അറിയാനുള്ള അവകാശമുണ്ട്’, ബിനോയ് വിശ്വം പറഞ്ഞു. ഒരു ചര്‍ച്ചയുമില്ലാതെയാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
Story Highlights : V D Satheesan about CPI s criticism on PM Shri project
















