യുപി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച സ്വവർഗ്ഗ പങ്കാളിയുടെ ജനനേന്ദ്രിയം പിതാവ് മുറിച്ചുമാറ്റി. പിന്നാലെ പിതാവ് തൂങ്ങി മരിക്കുകയും ചെയ്തു. യുപിലെ ദിയോറിയ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഭാര്യയിൽ നിന്ന് പിരിഞ്ഞ് താമസിച്ചിരുന്ന 32 വയസുകാരന്‍ പ്രാദേശിക ഓർക്കസ്ട്ര ഗ്രൂപ്പിലെ അംഗമായിരുന്നു.
ഭാര്യയുമായി വേര്‍പിരിഞ്ഞ ഇയാൾ ഒരു ചെറിയ മുറി വാടകയ്ക്കെടുക്കുകയും, അത് രാംബാബു യാദവ് എന്ന സുഹൃത്തുമായി പങ്കിടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആറ് വയസുകാരിയായ മകള്‍ പിതാവിനെ സന്ദർശിക്കാൻ ഇടയ്ക്കിടെ താമസസ്ഥലത്ത് വന്നിരുന്നു. ഇവിടെവച്ചാണ് സ്വവർഗ്ഗ പങ്കാളി കുട്ടിയെ ബലാത്സംഗം ചെയ്തത്.
അതിക്രമത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ കുട്ടിയുടെ പിതാവ് പങ്കാളിയെ ചോദ്യം ചെയ്യുകയും തുടർന്ന് ഇരുവരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പങ്കാളിയുടെ സ്വകാര്യ ഭാഗങ്ങൾ ഛേദിച്ചു. ഗുരുതരമായി പരുക്കേറ്റ യാദവിനെ മെഡിക്കൽ കോളേജിലേക്കും തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ഗോരഖ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇയാൾ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്.
പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ യാദവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ചോദ്യം ചെയ്യലിനിടെയാണ് പ്രതി യാദവ് കുട്ടിയുടെ പിതാവുമായുള്ള തന്റെ ബന്ധത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. ഇരുവരുടേയും ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത് കുട്ടിയുടെ പിതാവിനെ കടുത്ത മാനസിക സംഘര്‍ഷത്തിലാകിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ, ഇയാളെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറ്റിയെന്നും ചികിത്സയും കൗൺസിലിംഗും നൽകുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയും കുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഫോറൻസിക് ഫലങ്ങൾ കൂടി ലഭിക്കാനുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
















