പുരാതന കാലം മുതൽ ഇന്ത്യ സ്വർണത്തിന്റെയും വെള്ളിയുടെയും നാടാണെന്നാണ് അറിയപ്പെടുന്നത്. പുരാതന കാലം മുതൽ ഇന്ത്യയുടെ മണ്ണിൽ നിന്ന് കുഴിച്ചെടുത്ത നിരവധി വജ്രങ്ങൾ പിന്നീട് നമ്മുടെ കൈകളിൽ നിന്ന് വഴുതിപ്പോയി അജ്ഞാതമായി. മ്യൂസിയങ്ങൾ സന്ദർശിക്കുമ്പോൾ നമ്മൾ കാണുന്ന സ്വർണവും വജ്രവും കൊണ്ട് അലങ്കരിച്ച ഇന്ത്യൻ രാജാക്കന്മാരുടെ വസ്ത്രങ്ങൾ സാങ്കൽപ്പികമല്ല, മറിച്ച് ബ്രിട്ടീഷുകാരുൾപ്പെടെ കൊള്ളയടിച്ച് തകർത്ത നമ്മുടെ സമ്പന്നമായ ചരിത്രത്തിന്റെ അടയാളങ്ങളാണ്.
റീജന്റ് വജ്രം: എന്തുകൊണ്ട് കള്ളന്മാർ ഉപേക്ഷിച്ചു?
കവർച്ചയെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തിയത് റീജന്റ് വജ്രം ഉപേക്ഷിക്കപ്പെട്ടതാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വജ്രങ്ങളിൽ ഒന്നായ, 140.6 കാരറ്റ് ഭാരമുള്ള ഈ രത്നം എന്തുകൊണ്ടാണ് കള്ളന്മാർ ലക്‌ഷ്യം വെക്കാതിരുന്നതെന്ന് പ്രോസിക്യൂട്ടർ ലോർ ബെക്കുവോയ്ക്ക് പോലും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. കള്ളന്മാർക്ക് ലഭിച്ച നിർദ്ദേശങ്ങൾ എന്തായിരുന്നു, എന്തുകൊണ്ടാണ് അവർ ആ വിൻഡോ ലക്ഷ്യമിടാത്തത് എന്നതെല്ലാം അന്വേഷകർ പരിശോധിക്കുകയാണ്.
റീജന്റ് വജ്രത്തിന് ഫ്രാൻസിലെ ചരിത്രത്തോളം തന്നെ പഴക്കമുള്ള ഒരു ഇന്ത്യൻ ബന്ധമുണ്ട്. ഈ വലിയ വജ്രം ഇന്ത്യയിലെ ഗോൽക്കൊണ്ട മേഖലയിൽ, പ്രത്യേകിച്ച് ആന്ധ്രാപ്രദേശിലെ കൊല്ലൂർ ഖനിയിൽ നിന്നാണ് കണ്ടെത്തിയത്. ഖനിയിലെ ഒരു അടിമയാണ് 410 കാരറ്റ് ഭാരമുള്ള ഈ വജ്രം കണ്ടെത്തി കാലിലെ മുറിവിൽ ഒളിപ്പിച്ച് മദ്രാസിലേക്ക് (ചെന്നൈ) പോയത്. സുരക്ഷിതമായി എത്തിക്കാമെന്ന് വിശ്വസിച്ച ഒരു ഇംഗ്ലീഷ് കപ്പിത്താനെയാണ് ഇയാൾ സമീപിച്ചത്.
എന്നാൽ, അത്യാഗ്രഹിയായ കപ്പിത്താൻ തൊഴിലാളിയെ കൊലപ്പെടുത്തി വജ്രം കൈക്കലാക്കി.ഒടുവിൽ ഇംഗ്ലണ്ടിലെത്തിയ വജ്രം പല കല്ലുകളായി മുറിച്ച് വിറ്റു. അതിലൊന്ന് ഫിലിപ്പ് രണ്ടാമന് വിൽക്കുകയും, പിന്നീട് ലൂയി പതിനാലാമന്റെ കിരീടധാരണത്തിനായി കിരീടത്തിൽ പതിക്കുകയും ചെയ്തു. നെപ്പോളിയൻ ബോണപാർട്ട് ഇത് തന്റെ വാളിലും ഉപയോഗിച്ചിട്ടുണ്ട്.
റീജന്റ് വജ്രം എവിടെയെല്ലാം പോയോ അവിടെയെല്ലാം ദുരന്തം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന ‘ശാപം’ കള്ളന്മാരുടെ പിന്മാറ്റത്തിന് കാരണമായതായി ഊഹിക്കപ്പെടുന്നു. വജ്രം കൈവശം വെച്ചിരുന്ന ലൂയി പതിനാറാമനെയും മേരി ആന്റോനെറ്റിനെയും ഫ്രഞ്ച് വിപ്ലവകാലത്ത് വധിച്ചു, നെപ്പോളിയൻ ബോണപാർട്ടിനെ രണ്ടുതവണ നാടുകടത്തി. ഈ ചരിത്രം അറിയാമായിരുന്നതുകൊണ്ടാകാം കള്ളന്മാർ ഈ വജ്രത്തെ ഒഴിവാക്കിയത്.
















