ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പർ പവറാക്കുകയാണ് എൻഇപിയുടെ ഉദ്ദേശലക്ഷ്യമെന്ന് ദ്രൗപദി മുർമു പറഞ്ഞു.കൊച്ചി സെൻറ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷത്തിലായിരുന്നു പരാമർശം.
സംസ്ഥാനത്ത് തുടരുന്ന പിഎം ശ്രീ വിവാദങ്ങൾക്കിടെയാണ് ദേശീയ വിദ്യാഭ്യാസ നയത്തെ രാഷ്ട്രപതി പുകഴ്ത്തിയത്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് കൈമാറി പ്രകാശനം ചെയ്തു. അതിനിടെ നഗരപിതാവ് എന്ന നിലയിൽ ക്ഷണം ലഭിക്കേണ്ടിയിരുന്ന മേയർ എം അനിൽകുമാറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കി.
പരിപാടിയുടെ അറിയിപ്പ് കോളജ് അധികൃതർ നൽകിയെങ്കിലും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയച്ച പ്രോട്ടോകോൾ പട്ടികയിൽ മേയറുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കേന്ദ്രീകൃത ഭരണം ലക്ഷ്യമാക്കുന്നതിന്റെ ഉദാഹരണമാണ് നടപടിയെന്ന് മേയർ പറഞ്ഞു. 4 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഉച്ചയ്ക്ക് 1.55 ന് പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി ഡൽഹിയിലേക്ക് തിരിച്ചു.
Story Highlights : President Droupadi murmu praises National Education Policy
















