സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് 2 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണിത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ഡാമുകളിൽ നേരത്തെ പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരും. കനത്ത മഴയെ തുടർന്ന് കേരളതീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം തുലാവർഷത്തിൽ കേരളത്തിന് ചുഴലിക്കാറ്റ് ഭീഷണിയും. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂന മർദ്ദമാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. നാളെ (ഞായറാഴ്ച) യോടെ തീവ്ര ന്യൂനമർദമായും ശേഷം ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന ചുഴലിക്കാറ്റിന് തായ്ലൻഡ് നിർദേശിച്ച പേര് ‘മോന്ത’(Mon-tha) എന്നാണ്.
















