വിവാദ പിഎം ശ്രീ പദ്ധതിയുടെ പേരിൽ സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും സിപിഐ നേതാക്കളുമായി ഉടൻ ആശയവിനിമയം നടത്തും.
എന്നാൽ, പദ്ധതിയിൽ നിന്ന് പൂർണ്ണമായി പിന്മാറാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന കടുപ്പിച്ച നിലപാടിലാണ് സിപിഐയിലെ ഒരു വിഭാഗം. നിർണായകമായ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം മറ്റന്നാൾ ചേരാനിരിക്കെ, അതിനുമുമ്പേ പ്രശ്നം പരിഹരിക്കാനാണ് സിപിഎം ശ്രമം.
അനുനയ നീക്കങ്ങൾക്ക് മുഖ്യമന്ത്രി തന്നെ നേരിട്ട് നേതൃത്വം നൽകും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് മുന്നണിയിലെ ഭിന്നത.
അതേസമയം, അവസാന മന്ത്രിസഭാ യോഗത്തിനു ഒരാഴ്ച മുമ്പ് പദ്ധതിയുടെ കരാർ ഒപ്പിട്ടതായുള്ള രേഖകൾ പുറത്തുവന്നത് സിപിഐയെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ട്. പദ്ധതിയിൽ നിന്ന് പിന്മാറാതെ ഒരു അനുരഞ്ജനത്തിനും വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ നേതൃത്വം.















