ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടി കസ്റ്റഡിയിലുള്ള പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പോറ്റിയുമായി ബെംഗളൂരുവിൽ എത്തിയിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി ബെംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, സ്വർണം വിറ്റ ബെല്ലാരിയിലെ സ്ഥലം, ദ്വാരപാലക പാളികളുടെ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻ’ എന്നിവിടങ്ങളിൽ അന്വേഷണ സംഘം പോകും.
കേസിൽ നിർണായകമായേക്കാവുന്ന വിവരങ്ങൾ ശേഖരിക്കുന്നതിനാണ് തെളിവെടുപ്പ്. ഈ മാസം 30-ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. അതിനുമുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചു. സ്വർണ കൊള്ളയിലൂടെ ആരൊക്കെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ നൽകിയ മൊഴി.
ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്ഐടി പരിശോധിച്ച് വരികയാണ്. കേസിൽ പ്രതി ചേർക്കപ്പെട്ട ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. കൂടുതൽ തെളിവുകൾ ലഭിക്കുകയാണെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യും.
















