പഠിക്കാത്തതിന് ശകാരിച്ചതിന്റെ പേരിൽ 14 വയസ്സുകാരൻ അമ്മയെ തല്ലിക്കൊന്നു. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂർപേട്ടിലാണ് സംഭവം. കീഴ്‌കുപ്പം വേലൂരിൽ താമസിക്കുന്ന ലോറി ഡ്രൈവർ ഗുണശേഖരന്റെ ഭാര്യ മഹേശ്വരിയാണ് (40) കൊല്ലപ്പെട്ടത്. ഇവരുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പഠിക്കാത്തതിന് നിരന്തരം ശകാരിച്ചതിനാലാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് കുട്ടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അച്ഛനും അമ്മയും ഇടയ്ക്കിടെ വഴക്കിടുന്നതും കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. പാടത്തേക്കുപോയ മഹേശ്വരി തിരിച്ചെത്താത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിൽ ദേഹമാസകലം മുറിവേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉളുന്തൂർപ്പേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റി. ഗുണശേഖരൻ-മഹേശ്വരി ദമ്പതിമാർക്ക് 16 വയസ്സുള്ള ഒരു മകളുമുണ്ട്.
















