തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് ധാരണാപത്രത്തില്‍ ഒപ്പുവെക്കുക വഴി ഉണ്ടായിരിക്കുന്നതെന്നും അത് ബന്ധപ്പെട്ട മന്ത്രിയുടെയും വകുപ്പിന്റെയും അറിവോടും അനുമതിയോടും കൂടിയാണെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും എഡിറ്റോറിയല്‍ വിമര്‍ശിച്ചു.
‘പിഎം ശ്രീ പദ്ധതിയോടുള്ള വിമര്‍ശനം അതിന്റെ ‘പ്രധാനമന്ത്രി’ ബ്രാന്‍ഡിങ്ങിനോടുള്ള എതിര്‍പ്പല്ല. മറിച്ച് ഉള്ളടക്കത്തോടും ലക്ഷ്യത്തോടുമുള്ള വിമര്‍ശനമാണ്. വിദ്യാഭ്യാസരംഗത്തിന്റെ സ്വകാര്യവല്‍ക്കണം, ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി പുതുതലമുറയെ വാര്‍ത്തെടുക്കുകയുമാണ് ആത്യന്തികമായ ലക്ഷ്യം.
വിശാല അര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സാമ്പത്തികവും സാമൂഹികവുമായ നീതിബോധം, വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ സാഹോദര്യവും ദേശീയ ബോധവും തുടങ്ങി സാര്‍വ്വത്രിക മൂല്യങ്ങളെ മുളയിലേ നുള്ളി സ്വേഛ്ഛാധികാരത്തിലും ജാതിവ്യവസ്ഥയിലും മതമേല്‍ക്കോയ്മയിലും അധിഷ്ഠിതമായ സാമൂഹികസൃഷ്ടിക്ക് വിത്തുപാകുന്ന വിദ്യാഭ്യാസ സംവിധാനത്തെയാണ് വിഭാവനം ചെയ്യുന്നത് എന്നും ജനയുഗം എഡിറ്റോറില്‍ ചൂണ്ടിക്കാട്ടി.
















