67 മത് സംസ്ഥാന സ്കൂൾ കായികമേളയില്‍ മൂന്നാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നില്‍ കുതിക്കുന്നു. ട്രാക്കിലെ പോരാട്ടത്തിന് തീപിടിച്ച ദിവസമായ ഇന്നലെ 25 ഫൈനലുകളാണ് അത്ലറ്റിക്സിൽ പൂര്‍ത്തിയായത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ട്രാക്കില്‍ പാലക്കാടും മലപ്പുറവും കാഴ്ചവെച്ചത്.
അത്ലറ്റിക്സ് മത്സരങ്ങളിലെ പ്രധാന ഇനങ്ങളായ 100,80 മീറ്റര്‍ ഹഡില്‍സ് , 4 ഇന്‍റു 400 മീറ്റര്‍ റിലേ മത്സരങ്ങളും പൂര്‍ത്തിയായി. ഹര്‍ഡില്‍സിലെ നാല് മത്സരങ്ങളിലും മലപ്പുറമാണ് വലിയ നേട്ടമുണ്ടാക്കിയത്. മൂന്നു സ്വര്‍ണവും ഒരു വെങ്കലവും അടക്കം നാല് മെഡലുകളാണ് മലപ്പുറം വാരിക്കൂട്ടിയത്. നാല് മെഡലും നാവമുകുന്ദ തിരുനാവായയാണ് സ്വന്തമാക്കിയത്.
100 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഹഡില്‍സ് മത്സരത്തില്‍ ഫസലു ഹഖ് മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്.13.78 സെക്കൻഡിലാണ് ഫസ്‌ലു 100 മീറ്റർ ഹഡിൽസ് പൂർത്തിയാക്കിയത്. സീനിയർ വിഭാഗം പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിലും മലപ്പുറത്തിന്‍റെ പുലിക്കുട്ടികളായ നിരഞ്ജനയും ശിഖയുമാണ് മുന്നേറിയത്.
ഡിസ്കസ് ത്രോ മത്സരത്തിലാണ് ഇന്നലെ മറ്റൊരു റെക്കോര്‍ഡ് തകര്‍ന്നത്. ഡിസ്കസ് ത്രോ ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ കാസറ്ഗോഡിന്‍റെ സ്വന്തം സോന ഏഴ് വര്‍ഷം പഴക്കമുള്ള റെക്കേര്‍ഡ് തകര്‍ത്തു. 38.64 സെക്കന്റ് കണ്ടത്തിയ സോനാ കുട്ടമത്ത് ജി എച് എസ് എസ് വിദ്യാർത്ഥിയാണ്.
















