തമന്ന ഭാട്ടിയ സൗന്ദര്യത്തിന്റെയും ഫിറ്റ്‌നസ്സിന്റെയും കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നടിയാണ്. ഈയിടെ താരം തന്‍റെ ശരീരഭാരം കുറച്ചത് വളരെയധികം ചര്‍ച്ചയായിരുന്നു. തന്‍റെ ഭക്ഷണ ശീലങ്ങളെക്കുറിച്ചും വ്യായാമ രീതികളെക്കുറിച്ചുമെല്ലാം തമന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളോട് തുറന്നു സംസാരിച്ചിരുന്നു. ഈയിടെ തന്‍റെ ഭാരം കുറയ്ക്കാന്‍ സഹായിച്ച ഒരു ഭക്ഷണത്തെക്കുറിച്ച് തമന്ന പറഞ്ഞിരുന്നു. റെസിപ്പി പരിചയപ്പെടാം.
ചേരുവകൾ
പോഹ അവൽ: 1.5 കപ്പ്
മുളപ്പിച്ച ചെറുപയർ അല്ലെങ്കിൽ മിക്സഡ് സ്പ്രൗട്ട്‌സ്: 1/2 കപ്പ് (വേവിച്ചത്)
സവാള: 1 ചെറുതായി അരിഞ്ഞത്
പച്ചമുളക്: 2 എണ്ണം
കറിവേപ്പില: 2 തണ്ട്
വേവിച്ച ഉരുളക്കിഴങ്ങ്: 1 ചെറിയ കഷ്ണങ്ങളാക്കിയത്
നിലക്കടല: 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
കടുക്: 1/2 ടീസ്പൂൺ
ജീരകം: 1/2 ടീസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
പഞ്ചസാര: ഒരു നുള്ള്
നാരങ്ങാനീര്: 1 ടേബിൾസ്പൂൺ
എണ്ണ/നെയ്യ്: 1-1.5 ടേബിൾസ്പൂൺ
കാരറ്റ്/കാപ്സിക്കം: ചെറുതായി അരിഞ്ഞത്
മല്ലിയില: അരിഞ്ഞത്
തയാറാക്കുന്നവിധം
ആദ്യം തന്നെ ഒരു അരിപ്പയിൽ അവല്‍ എടുത്ത് വെള്ളത്തിനടിയിൽ വച്ച് ഒന്നോ രണ്ടോ തവണ നന്നായി കഴുകുക. ഒരു നനവ് കിട്ടിയാല്‍ മാത്രം മതി. അവില്‍ കൂടുതൽ സമയം വെള്ളത്തിൽ ഇട്ടാൽ കുഴഞ്ഞുപോകും. എന്നിട്ട്, ഈ അവല്‍ അരിപ്പയിൽ തന്നെ വച്ച്, വെള്ളം പൂർണ്ണമായും വാർന്നുപോകാൻ 10 മിനിറ്റ് മാറ്റിവയ്ക്കുക. ഈ സമയം കൊണ്ട് ഇത് മൃദുവായി വരും. ഇതിലേക്ക് അൽപ്പം ഉപ്പും 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് പതുക്കെ ഇളക്കി മാറ്റി വയ്ക്കുക.
മുളപ്പിച്ച പയർ വൃത്തിയാക്കി അൽപ്പം വെള്ളവും ഉപ്പും ചേർത്ത് 1 വിസിൽ വരുന്നതുവരെ പ്രഷർ കുക്കറിൽ വേവിക്കുകയോ അല്ലെങ്കിൽ തുറന്ന പാത്രത്തിൽ 5-7 മിനിറ്റ് ആവികയറ്റുകയോ ചെയ്യുക. വേവിച്ച പയര്‍ വെള്ളം ഊറ്റിക്കളഞ്ഞ് മാറ്റി വയ്ക്കുക. ഇനി, ഒരു നോൺസ്റ്റിക്ക് പാനിൽ 1 ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ കടുകും ജീരകവും ചേർക്കുക. കടുക് പൊട്ടിയ ശേഷം, കടലയിട്ട് ചെറുതായി വറുത്ത് മാറ്റുക. ഇതേ എണ്ണയിൽ കറിവേപ്പില, അരിഞ്ഞ പച്ചമുളക്, സവാള എന്നിവ ചേർത്ത് സവാള ഇളം തവിട്ടുനിറമാവുന്നത് വരെ വഴറ്റുക. വഴറ്റിയ സവാളയിലേക്ക് വേവിച്ച സ്പ്രൗട്ട്‌സും, അരിഞ്ഞ കാരറ്റ്, കാപ്സിക്കം എന്നിവയും ചേർക്കുക. ആവശ്യമെങ്കിൽ അൽപ്പം ഉപ്പും ചേർത്ത് 3 മിനിറ്റ് വേവിക്കുക. ഇവ വെന്ത ശേഷം, നേരത്തെ മാറ്റി വച്ച അവല്‍ ഈ പാനിലേക്ക് ചേർക്കുക. തീ കുറച്ച് വച്ച്, കട്ടപിടിക്കാതെ സാവധാനം നന്നായി ഇളക്കുക. ഇതിലേക്ക് ഒരു നുള്ള് പഞ്ചസാരയും നാരങ്ങാനീരും ചേർക്കുക. പാനടച്ച് വെച്ച് 2 മിനിറ്റ് നേരം ആവിയിൽ വയ്ക്കുക. നാരങ്ങാനീരും മല്ലിയിലയും വറുത്ത കടലയും മുകളിൽ വിതറി ചൂടോടെ വിളമ്പാം.
















