തൊടുപുഴ: ഉന്നതരെ കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പന നടത്തി വന്നിരുന്ന ആൾ പോലീസ് പിടിയിൽ. സംഭവത്തിൽ തൊടുപുഴ പട്ടയം കവല സ്വദേശി നെടുകണ്ടത്തല്‍ റഷീദാണ് പിടിയിലായത്. തൊടുപുഴയിൽ കരാര്‍ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണം നടത്തുന്നയാളാണ് റഷീദ്. ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ച് ഗ്രാമോളം എംഡിഎംഎയും 23 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ കുറച്ച് നാളുകളായി പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു ഇതിനിടെയാണ് പ്രതി പിടിയിലായത്.
വ്യാഴാഴ്ച ഇയാൾ തൊടുപുഴയിലെ ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. ലഹരി ഇടപാടുകൾക്കായാണ് പ്രതി ലോഡ്ജിൽ മുറിയെടുത്തിട്ടുള്ളത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി. തുടർന്ന് തൊടുപുഴ പോലീസും ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ മുറിയിലുണ്ടായിരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടി. പ്രതിക്കൊപ്പം മുറിയിൽ ഒരു സ്ത്രീകൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം.
















