മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഭക്ഷണമാണ് പുട്ട്. ചിലപ്പോൾ കഴിച്ച് കഴിച്ച് മടുത്തിട്ടുമുണ്ടാകും. എന്നാൽ സാധാരണ പാചകം ചെയ്യുന്നതിൽ നിന്നും മാറി മറ്റൊരു രീതിയിൽ പുട്ട് തയാറാക്കാം. പ്രഭാത ഭക്ഷണത്തിന് പുട്ട് വ്യത്യസ്തമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
പുട്ട് – 2 കഷ്ണം
സവാള – 1 ഇടത്തരം വലുപ്പം, ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 അരിഞ്ഞത്
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഗരം മസാല – 1/4 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
കടുക് – 1/4 ടീസ്പൂൺ
മുട്ട – 2 എണ്ണം
കറിവേപ്പില
ഇഞ്ചി – 1/2 ടീസ്പൂൺ, ചെറുതായി അരിഞ്ഞത്
ചിക്കൻ ഗ്രേവി (അല്ലെങ്കിൽ മട്ടൺ/ബീഫ്) – 4 ടേബിൾസ്പൂൺ അല്ലെങ്കിൽ ആവശ്യാനുസരണം.
തയാറാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകും സവാളയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു ഒരു മിനിറ്റിനു ശേഷം മുട്ട ചേർത്ത് ഇടത്തരം ചൂടിൽ വഴറ്റാം. ഇതിലേക്കു പൊടിച്ച പുട്ടും ചിക്കൻ ഗ്രേവിയും ചേർക്കാം. മഞ്ഞൾപ്പൊടിയും ഗരം മസാലയും ചേർത്തു നന്നായി യോജിപ്പിക്കാം. തീ ഓഫ് ചെയ്ത് കുറച്ചു നേരം വയ്ക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം.
















