ഉരുളക്കിഴങ്ങ് ചിപ്സും ഫ്രഞ്ച് ഫ്രൈസുമൊക്കെ കുട്ടികളടക്കം മുതിർന്നവർക്കും പ്രിയമാണ്. പക്ഷേ എപ്പോഴും കഴിക്കുന്നത് അത്ര നല്ലതല്ല, വറുത്ത ഉരുളക്കിഴങ്ങ് ചിപ്‌സിന് പകരം ആരോഗ്യകരമായ ഒരു ബദൽ തിരയുകയാണോ? എങ്കില്‍ ഒരു സൂപ്പർ ഹെൽത്തി സ്‌നാക്ക് പറഞ്ഞു തരാം.
കാരറ്റ് ചിപ്‌സ് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ
കാരറ്റ് 2 എണ്ണം
മുളകുപൊടി 1 ടീസ്പൂൺ
കുരുമുളക് 1/4 ടീസ്പൂൺ
എണ്ണ 1 ടേബിൾസ്പൂൺ (ഒലിവ് ഓയിൽ )
ഒറിഗാനോ 1 ടീസ്പൂൺ
ചാട്ട് മസാല 1/2 ടീസ്പൂൺ
ആവശ്യത്തിന് ഉപ്പ്
വെളുത്തുള്ളി പൊടി 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കാരറ്റ് തൊലി കളഞ്ഞ് നന്നായി കഴുകുക. ഇനി വൃത്തിയുള്ള ഒരു ടവൽ ഉപയോഗിച്ച് വെള്ളം കളഞ്ഞ് എടുക്കാം. കാരറ്റ് സ്ട്രിപ്പുകളായി നീളത്തിൽ മുറിക്കാം. സ്ട്രിപ്പുകൾ വളരെ നേർത്തതോ കട്ടിയുള്ളതോ ആകരുത്. അരിഞ്ഞ കാരറ്റിലേക്ക് ഓറഗാനോ, മുളകുപൊടി, ചാട്ട് മസാല, കുരുമുളക് പൊടി, വെളുത്തുള്ളി പൊടി, ഉപ്പ് എന്നിവ ചേർക്കുക. 1 ടേബിൾസ്പൂൺ എണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കാം. ഓരോ സ്ട്രിപ്പും ഒരു ബേക്കിങ് ട്രേയിൽ വയ്ക്കുക, 180 ഡിഗ്രി സെൽഷ്യസിൽ 15-20 മിനിറ്റ് ബേക്ക് ചെയ്യുക. ബേക്ക് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും ഡിപ്സ് ഉപയോഗിച്ച് വിളമ്പുക.
















