ഇസ്രയേലും ഹമാസും വെടി നിർത്തൽ കരാർ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഗാസയിൽ നിരീക്ഷണ ഡ്രോണുകൾ പറത്തി അമേരിക്ക. കഴിഞ്ഞയാഴ്ച, യൂഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സമാധാന കരാർ ലംഘിച്ച് ഗാസയിൽ ആക്രമണ നടന്നതിന് പിന്നാലെയാണ് നിരീക്ഷണ ഡ്രോൺ പറത്താൻ തീരുമാനിച്ചത്.
ഗാസയിലെ സാഹചര്യം നീരിക്ഷിക്കാനാണ് നിരീക്ഷണ ഡ്രോണുകൾ പറത്തുന്നത് എന്ന് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥരും യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനും ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്. കൂടാതെ വെടിനിർത്തൽ ശ്രമങ്ങൾ പാലിക്കുന്നതിനായി യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞയാഴ്ച തെക്കൻ ഇസ്രയേലിൽ സ്ഥാപിച്ച പുതിയ സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്ററിന് പിന്തുണ നൽകാൻ കൂടിയാണ് ഡ്രോണുകൾ വിന്യസിച്ചിരിക്കുന്നത് എന്നും പറഞ്ഞു.
ബന്ദികളെ കണ്ടെത്താൻ സഹായിക്കുന്നതിനായി യുഎസ് സൈന്യം മുമ്പ് ഗാസയിൽ ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഗാസയ്ക്കുള്ളിലെ സാഹചര്യങ്ങളെക്കുറിച്ച് സ്വന്തമായി ധാരണ നേടാനാണ് അമേരിക്ക ശ്രമിക്കുന്നത് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞയാഴ്ച ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ തുടർന്ന് സമാധാന കരാർ പാലിക്കാനായി ഉന്നതതല യുഎസ് സംഘം ഇവിടെയെത്തിയിരുന്നു. ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന് പുറമെ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും ഇസ്രയേൽ സന്ദർശിച്ചു. വെടിനിർത്തൽ പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അത് നിലനിൽക്കുമെന്നും വാൻസ് പറഞ്ഞു. തെക്കൻ ഗാസയിലെ നഗരമായ റഫ രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പുനർനിർമ്മിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തെക്കൻ ഗാസയിലെ ഹമാസ് മുക്ത മേഖലയിലേക്ക് പലസ്തീനികൾക്ക് മാറാൻ കഴിയുമെന്നും വാൻസ് പറഞ്ഞു. ഹമാസിന്റെ നിയന്ത്രണത്തിലല്ലാത്ത പ്രദേശങ്ങളിൽ പുനർനിർമ്മാണം വളരെ വേഗത്തിൽ ആരംഭിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
















